കരിപ്പൂരിൽ കൊവിഡ് ബാധിച്ച ഉദ്യോഗസ്ഥൻ സത്കാരത്തിലും പങ്കെടുത്തു; സമ്പർക്ക പട്ടിക വലുതായതിങ്ങനെ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ ടെർമിനൽ മാനേജർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ 51 ഉദ്യോഗസ്ഥർ ക്വാറന്റൈനിലേക്ക് മാറി. എയർപോർട്ട് ഡയറക്ടറടക്കം 35 പേരും ആറ് കസ്റ്റംസ് ഉദ്യോഗസ്ഥരും പത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമടക്കമാണ് ക്വാറന്റൈനിൽ പ്രവേശിച്ചത്.

ഇന്നലെയാണ് ടെർമിനൽ മാനേജർക്ക് രോഗം സ്ഥിരീകരിച്ചത്. സ്ഥലം മാറ്റത്തോടനുബന്ധിച്ച് വിമാനത്താവളത്തിൽ വെള്ളിയാഴ്ച്ച നടന്ന സത്ക്കാര പാർട്ടിയിൽ ഈ ഉദ്യോഗസ്ഥൻ പങ്കെടുത്തിരുന്നു. ഇതോടെയാണ് സമ്പർക്കപട്ടിക ഇത്രയും വലുതായത്.

പൊടുന്നനെ ഉണ്ടായ ഈ പ്രതിസന്ധി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധത്തിലുള്ള ക്രമീകരണങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. വിമാന സർവീസുകൾ തടസപ്പെടുകയോ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാവുകയോ ചെയ്യില്ലെന്നും അധികൃതർ അറിയിച്ചു. ടെർമിനൽ മാനേജരുമായി സമ്പർക്കമില്ലാത്ത ഉദ്യോഗസ്ഥർ ജോലിയിൽ തുടരുന്നുണ്ട്.

Exit mobile version