ഹാൾ ടിക്കറ്റും സിസിടിവി ദൃശ്യങ്ങളും രഹസ്യമാക്കേണ്ടത്; ആദ്യം കൈമാറേണ്ടത് യൂണിവേഴ്‌സിറ്റിക്ക്; കോളേജിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് വിസി

കോട്ടയം: കോപ്പിയടിച്ചെന്ന് ആരോപിച്ച് പരീക്ഷാഹാളിൽ നിന്നും ഇറക്കിവിട്ട വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളേജിന് വീഴ്ചപറ്റിയതായി എംജി സർവ്വകലാശാല വിസി. വിദ്യാർത്ഥിനിയെ ആത്മഹത്യയിലേക്ക് എത്തിച്ച സംഭവത്തിൽ ബിവിഎം കോളേജിന് വീഴ്ച പറ്റിയെന്ന് എംജി സർവകലാശാല വൈസ് ചാൻസലർ സാബു തോമസ് കുറ്റപ്പെടുത്തി.

പരീക്ഷാ ഹാളിൽ വെച്ച് വിദ്യാർത്ഥിനിക്ക് എതിരെ കുറ്റം ആരോപിക്കപ്പെട്ടിട്ടും വിദ്യാർത്ഥിനിയെ കൂടുതൽ സമയം ഇരുത്തിയത് കോളേജിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ്. പരീക്ഷാഹാളിലെ സിസിടിവി ദൃശ്യങ്ങൾ രഹസ്യമാക്കി വെക്കേണ്ടതാണ്. അത് സർവകലാശാലയ്ക്കാണ് ആദ്യം കൈമാറേണ്ടത്. പൊതുജനത്തിന് കൈമാറാൻ പാടില്ലാത്തതായിരുന്നു. അതുപോലെ ക്രമക്കേട് വരുത്തിയ ഹാൾ ടിക്കറ്റ് യൂണിവേഴ്‌സിറ്റിക്കാണ് നൽകേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംഭവം നടന്ന അന്നു വൈകീട്ട് ഏഴുമണിയ്ക്കും ഏഴരയ്ക്കും ഇടയിൽ ബിവിഎം കോളേജ് വൈസ് പ്രിൻസിപ്പൽ റിപ്പോർട്ട് തന്നിരുന്നു. ഹാൾ ടിക്കറ്റിന്റെ ഫോട്ടോകോപ്പി അടക്കമാണ് റിപ്പോർട്ട് നൽകിയതെന്നും എംജി സർവകലാശാല വിസി പറഞ്ഞു.

Exit mobile version