കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന സന്ദേശവുമായി ‘വനിതാ മതില്‍’!; ജനുവരി ഒന്നിന് സംഘടിപ്പിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ സംഘടനയുടെ പ്രതിഷേധങ്ങള്‍ക്കെതിരെ പ്രതിരോധ മാര്‍ഗ്ഗവുമായി സര്‍ക്കാര്‍. കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന മുദ്രാവാക്യവുമായി ജനുവരി ഒന്നിന് ‘വനിതാ മതില്‍’ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിളിച്ച് ചേര്‍ത്ത സമുദായ സംഘടനകളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്ത്രീക്കും പുരുഷനും ഒരേ അവകാശമാണെന്ന നിലപാടില്‍ തന്നെയാണ് സര്‍ക്കാര്‍. കേരളത്തിനെ ഇരുണ്ട കാലത്തിലേക്ക് കൊണ്ട് പോകാനാകില്ല. നവോത്ഥാന സന്ദേശവുമായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ, ജനുവരി ഒന്നിന് ‘വനിതാ മതില്‍’ സംഘടിപ്പിക്കും. ഒട്ടുമിക്ക സമുദായ സംഘടനകളും ഇതിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മതത്തിന്റെ പേരില്‍ കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന മുദ്രാവാക്യവുമായി സ്ത്രീകള്‍ രംഗത്തെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പരിപാടികളുടെ സംഘാടനത്തിനായി പ്രത്യേക സമിതിയെയും രൂപീകരിച്ചു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍ സമിതി ചെയര്‍മാനാകും. പുന്നല ശ്രീകുമാര്‍ സംഘാടക സമിതി കണ്‍വീനറാകും.

എസ്എന്‍ഡിപിയും ദളിത് സംഘടനകളും ആദിവാസി ഗോത്രാമഹാസഭയും ഉള്‍പ്പെടെ നിരവധി സാമുദായിക, സാമൂഹ്യ, നവോത്ഥാന സംഘടനകളാണ് യോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍ എന്‍എസ്എസ് യോഗത്തില്‍ നിന്ന് വിട്ടുനിന്നു.

Exit mobile version