സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് കണ്ണൂര്‍ ഇരിട്ടി സ്വദേശി

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കോവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. കണ്ണൂര്‍ ഇരിട്ടി പയഞ്ചേരി സ്വദേശി പി.കെ മുഹമ്മദ് ആണ് മരിച്ചത്. എഴുപത് വയസ്സായിരുന്നു. ബുധനാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ച മുഹമ്മദിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഇതിന് പിന്നാലെയാണ് മരിച്ചത്. അര്‍ബുദ രോഗ ബാധിതനായിരുന്നു അദ്ദേഹം. കഴിഞ്ഞമാസം 22-നാണ് അദ്ദേഹം മസ്‌ക്കറ്റില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളം വഴി എത്തിയത്. ആശുപത്രിയിലേക്ക് പോകാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും അദ്ദേഹം അനുസരിച്ചിരുന്നില്ല.

കൂത്തുപറമ്പിലുള്ള മകന്റെ വീട്ടിലേക്ക് പോയി അവിടെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിനെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഒരാള്‍കൂടി മരിച്ചതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു.

സംസ്ഥാനത്ത് കഴിഞ്ഞദിവസം 65 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 34 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 25 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ 2 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 57 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 905 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. 1238 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

Exit mobile version