ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌ക്കുകളടക്കം മോഷണം പോയ സംഭവം; രണ്ട് പെയ്ന്റിങ് തൊഴിലാളികളെ എന്‍ഐഎ അറസ്റ്റ് ചെയ്തു

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌ക്കുകള്‍ അടക്കം മോഷണംപോയ സംഭവത്തില്‍ രണ്ട് പെയ്ന്റിങ് തൊഴിലാളികളെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശികളായ പെയിന്റിങ് തൊഴിലാളികളാണ് എന്‍ഐഎയുടെ പിടിയിലായത്.

ബിഹാറില്‍നിന്നാണ് എന്‍ഐഎ ഇവരെ പിടികൂടിയത്. പിടിയിലായ രണ്ട് പേരും കൊച്ചി കപ്പല്‍ശാലയില്‍ കരാര്‍ പെയിന്റിങ് തൊഴിലാളികളായിരുന്നു. വേതനത്തെച്ചൊല്ലി കരാറുകാരനുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മോഷണം നടത്തിയതെന്നാണ് ഇവര്‍ നല്‍കിയ മൊഴി. അതുകൊണ്ട് തന്നെ ഹാര്‍ഡ് ഡിസ്‌ക് അടക്കം മോഷണം പോയ സംഭവം സാധാരണഗതിയിലുള്ള മോഷണം മാത്രമാണെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍.

2019 സെപ്റ്റംബറിലാണ് കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌ക്കുകള്‍ മോഷണം പോയത്. വിമാനവാഹിനിക്കപ്പലില്‍ നിന്ന് നാല് ഹാര്‍ഡ് ഡിസ്‌ക്കുകളും ചില അനുബന്ധ ഉപകരണങ്ങളുമാണ് മോഷണം പോയത്.

കപ്പലിന്റെ വിവിധ ഭാഗങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ‘ഇന്റഗ്രേറ്റഡ് പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സിസ്റ്റ’ത്തിന്റെ വിവരങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌കുകളായിരുന്നു മോഷണം പോയത്. ആദ്യം പോലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. പ്രതികളെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. 2009ലാണ് ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മ്മാണം കപ്പല്‍ശാലയില്‍ ആരംഭിച്ചത്. 2022 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി നാവിക സേനയക്ക് കൈമാറും.

Exit mobile version