കേന്ദ്ര സര്‍ക്കാര്‍ അങ്ങനെ പല ഇളവുകളും തരും, സാഹചര്യം അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍, 11 മാസം കൂടി മന്ത്രി എന്ന നിലയില്‍ കേരളജനത സഹിക്കേണ്ടതിനാല്‍ കടകംപള്ളി സുരേന്ദ്രനെ നിലയ്ക്കു നിര്‍ത്തുന്നതാവും നല്ലത്; പിണറായി സര്‍ക്കാരിന് മുന്നറിയിപ്പുമായി ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം; പിണറായി വിജയന്‍ സര്‍ക്കാരിലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ നിലയ്ക്കു നിര്‍ത്തേണ്ട സമയം വളരെ മുമ്പേ അതിക്രമിച്ചുവെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ലോക്ക് ഡൗണില്‍ ഇളവുകളുടെ ഭാഗമായി ക്ഷേത്രങ്ങള്‍ തുറക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കടകംപള്ളി സുരേന്ദ്രനെ കടന്നാക്രമിച്ച് ശോഭ സുരേന്ദ്രന്‍ രംഗത്തെത്തിയത്.

ഫേസ്ബുക്കിലൂടെയായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം. കടകംപള്ളി സുരേന്ദ്രനെ നിലയ്ക്കു നിര്‍ത്തേണ്ട സമയം വളരെ മുമ്പേ അതിക്രമിച്ചതാണ്. ഇനിയും അതു വൈകരുത് എന്നാണ് ദേവസ്വംബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങള്‍ തുറക്കാനുള്ള നിഗൂഢ തീരുമാനത്തെ ന്യായീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനെ കൂട്ടുപിടിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നതിലൂടെ വ്യക്തമാകുന്നതെന്ന് ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കേന്ദ്ര മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് ക്ഷേത്രങ്ങള്‍ തുറന്നത് എന്നാണ് അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പറയുന്നതെല്ലാം ജനാധിപത്യപരമായ മാന്യതയോടെയും മര്യാദയോടെയും അംഗീകരിക്കുന്ന ഒരു സര്‍ക്കാരിന്റെ പ്രതിനിധിയല്ല കടകംപള്ളിയെന്നും അങ്ങനെ ആയിരുന്നെങ്കില്‍ ഈ പറയുന്നതിലും അര്‍ത്ഥമുണ്ടായിരുന്നുവെന്നും ശോഭ സുരേന്ദ്രന്‍ പറയുന്നു.

സ്ഥിതിഗതികള്‍ ഇത്രയും ഗുരുതരമായിരിക്കെ ആരാധനാലയങ്ങള്‍ തുറക്കാതിരിക്കാനും ആളുകള്‍ കൂട്ടം ചേരുന്ന ഏതു സാഹചര്യവും ഒഴിവാക്കാനുമാണ് ജാഗ്രതയുള്ള സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുക. അതു ചെയ്യാതെ കേന്ദ്രം പറഞ്ഞിട്ടാണ് എന്ന് പറയുമ്പോള്‍ ശ്രീ കടകംപള്ളീ ജനങ്ങള്‍ പരിഹസിച്ചു ചിരിക്കുന്നതു താങ്കള്‍ കാണുന്നില്ലേ? എന്ന് ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പിണറായി വിജയന്‍ സര്‍ക്കാരിലെ ദേവസ്വം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രനെ നിലയ്ക്കു നിര്‍ത്തേണ്ട സമയം വളരെ മുമ്പേ അതിക്രമിച്ചതാണ്. ഇനിയും അതു വൈകരുത് എന്നാണ് ദേവസ്വംബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങള്‍ തുറക്കാനുള്ള നിഗൂഢ തീരുമാനത്തെ ന്യായീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനെ കൂട്ടുപിടിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നതിലൂടെ വ്യക്തമാകുന്നത്. കേന്ദ്ര മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് ക്ഷേത്രങ്ങള്‍ തുറന്നത് എന്നാണ് അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പറയുന്നതെല്ലാം ജനാധിപത്യപരമായ മാന്യതയോടെയും മര്യാദയോടെയും അംഗീകരിക്കുന്ന ഒരു സര്‍ക്കാരിന്റെ പ്രതിനിധിയല്ല കടകംപള്ളി. അങ്ങനെ ആയിരുന്നെങ്കില്‍ ഈ പറയുന്നതിലും അര്‍ത്ഥമുണ്ടായിരുന്നു.

ആരാധനാലയങ്ങള്‍ തുറക്കുന്നതുള്‍പ്പെടെയുള്ള ലോക്ഡൗണ്‍ ഇളവുകളില്‍ കേന്ദ്രം നല്‍കിയത് രാജ്യത്തിനു പൊതുവായി ബാധകമായ മാര്‍ഗ്ഗനിര്‍ദേശങ്ങളാണ്. സംസ്ഥാനത്തിന് ഇവിടുത്തെ പ്രത്യേക സാഹചര്യമനുസരിച്ച് അത് കൂടുതല്‍ കര്‍ക്കശമാക്കാം; കേന്ദ്രം നിര്‍ദേശിച്ചതിനേക്കാള്‍ അധികം ഇളവുകള്‍ നല്‍കാന്‍ പാടില്ല എന്നേയുള്ളു. കേരളത്തില്‍ കൊവിഡ് തീപോലെ പടരുകയാണ്. ദിവസവും നൂറോളം ആളുകളാണ് പോസിറ്റിവാകുന്നത്. ആരോഗ്യ മന്ത്രി ബിബിസി ചാനലില്‍ പോയിരുന്ന് മൂന്നു മരണം മാത്രം എന്ന് മേനി നടിച്ച സ്ഥാനത്ത് ഇപ്പോള്‍ മരണം ഇരുപതിനോട് അടുക്കുന്നു. സ്ഥിതിഗതികള്‍ ഇത്രയും ഗുരുതരമായിരിക്കെ ആരാധനാലയങ്ങള്‍ തുറക്കാതിരിക്കാനും ആളുകള്‍ കൂട്ടം ചേരുന്ന ഏതു സാഹചര്യവും ഒഴിവാക്കാനുമാണ് ജാഗ്രതയുള്ള സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുക. അതു ചെയ്യാതെ കേന്ദ്രം പറഞ്ഞിട്ടാണ് എന്ന് പറയുമ്പോള്‍ ശ്രീ കടകംപള്ളീ ജനങ്ങള്‍ പരിഹസിച്ചു ചിരിക്കുന്നതു താങ്കള്‍ കാണുന്നില്ലേ?

മറ്റൊരു പ്രധാന ചോദ്യമുണ്ട്. കേരളത്തിലെ സ്ഥിതി കൈവിട്ടു പോവുകയാണ് എന്നും അതുകൊണ്ട് കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങള്‍ വിവിധ തലങ്ങളില്‍ ഏര്‍പ്പെടുത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വെറും ഔപചാരികതയുടെ പേരിലെങ്കിലും കേന്ദ്രത്തിന് കടകംപള്ളിയുടെ സര്‍ക്കാര്‍ കത്തെഴിതിയിരുന്നോ. അങ്ങനെയൊരു അനുമതി പോലും പ്രസക്തമല്ലാത്ത വിധം സാമാന്യബോധം പ്രകടിപ്പിക്കേണ്ട സമയമാണ്. എങ്കിലും കേന്ദ്രത്തോട് മുമ്പില്ലാത്ത ഭയഭക്തി പ്രകടിപ്പിക്കുന്നതുകൊണ്ട് ചോദിക്കുകയാണ്:അങ്ങനെയൊരു നാലു വരി കത്ത് എഴുതിയിരുന്നോ? ഇല്ല, എന്ന് രാജ്യത്തിന് അറിയാം.

സംഭവിച്ചുപോയ അഹങ്കാരം (അബദ്ധമല്ല) തിരുത്തി തിരിച്ചുവന്നാല്‍ കേരള സമൂഹത്തിന് അതൊരു ആശ്വാസമായിരിക്കും. താങ്കളെ ഇനിയും 11 മാസം കൂടി കേരളജനത മന്ത്രി എന്ന നിലയില്‍ സഹിക്കേണ്ടതുകൊണ്ട് ദേവസ്വം ബോര്‍ഡിനെക്കൊണ്ട് തെറ്റുതിരുത്തിക്കാനും സ്വയം ഹിന്ദു വിരുദ്ധമായി സംസാരിക്കാതിരിക്കാനുമെങ്കിലും ജാഗ്രത കാട്ടണം.

Exit mobile version