അഞ്ജുവിന്റെ മൃതദേഹവുമായി നടുറോഡിൽ കുത്തിയിരുന്ന് ബന്ധുക്കളും നാട്ടുകാരും; പോലീസ് കോളേജിന് വേണ്ടി ഒത്തുകളിക്കുന്നുവെന്ന് ആരോപണം

കാഞ്ഞിരപ്പള്ളി: കോളേജിൽ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് ഇറക്കിവിട്ടതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അഞ്ജു പി ഷാജിയുടെ മൃതദേഹവുമായി ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം. അഞ്ജുവിന്റെ വീട്ടിലേക്കുള്ള റോഡിൽ സ്ത്രീകളടക്കമുള്ളവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുകൊടുത്തപ്പോൾ ബന്ധുക്കളെ കൂട്ടിയില്ലെന്നാണ് പ്രധാന ആരോപണം.

മൃതദേഹം വിട്ടുകൊടുത്തപ്പോൾ ആംബുലൻസിൽ നിന്ന് ഇറക്കിവിട്ടുവെന്ന് അഞ്ജുവിന്റെ അമ്മാവൻ പറഞ്ഞു. പോലീസ് അഞ്ജുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കുന്നില്ലെന്നും കോളേജ് മാനേജ്‌മെന്റിന് വേണ്ടി പോലീസ് ഒത്തുകളിക്കുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു.

ബന്ധുക്കൾ ഒരു മണിക്കൂറോളം മൃതദേഹവുമായി പ്രതിഷേധം തുടർന്നു. സംഭവസ്ഥലത്ത് എംഎൽഎ പിസി ജോർജ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അടക്കമുള്ളവർ എത്തുകയും ബന്ധുക്കളുമായി സംസാരിക്കുകയും ചെയ്തു. മൃതദേഹത്തിന് പഴക്കമുണ്ടെന്നും അഞ്ജുവിന്റെ അമ്മ കുട്ടിയുടെ മൃതദേഹം കണ്ടിട്ടില്ലെന്നും ഉടൻ വീട്ടിലെത്തിക്കണമെന്നും നിർദേശം വന്നതോടെ ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ മൃതദേഹവുമായി ആംബുലൻസ് വീട്ടിലേക്ക് തിരിച്ചു. വീട്ടിൽ ഒരു മണിക്കൂറോളം പൊതുദർശനത്തിന് വെച്ച ശേഷം സംസ്‌കാരം നടക്കും.

അതേസമയം അഞ്ജുവിന്റെ മരണം എംജി സർവകലാശാല മൂന്നംഗ സമിതി അന്വേഷിക്കും. ഡോ.എംഎസ് മുരളി, ഡോ.അജി സി പണിക്കർ, പ്രൊഫ.വിഎസ് പ്രവീൺകുമാർ എന്നിവരാണ് സമിതി അംഗങ്ങൾ. പരീക്ഷയെഴുതാൻ പോയി കാണാതായ കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തോട്ട് ഷാജിയുടെ മകൾ അഞ്ജുവിന്റെ മൃതദേഹം തിങ്കളാഴ്ച 11.30നാണ് മീനച്ചിലാറ്റിൽ കണ്ടെത്തുന്നത്. പഠനത്തിൽ സമർഥയായ വിദ്യാർത്ഥിനി കോപ്പിയടിച്ചെന്ന് ആരോപിച്ച് ഉത്തരക്കടലാസ് പിടിച്ചെടുത്തതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്ന് നേരത്തെ ഷാജി ആരോപിച്ചിരുന്നു.

Exit mobile version