ഹാൾ ടിക്കറ്റിലേത് അഞ്ജുവിന്റെ കൈയ്യക്ഷരമല്ല; സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത്; പ്രിൻസിപ്പാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിനിയുടെ കുടുംബം

കോട്ടയം: കോട്ടയം ചേർപ്പുങ്കലിൽ ബികോം വിദ്യാർത്ഥിനി അഞ്ജു പി ഷാജി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളേജ് അധികൃതർക്കെതിരെ കുടുംബം. പ്രിൻസിപ്പാൾ ഉൾപ്പടെ ഉള്ളവർക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പിതാവ് ഷാജി ആവർത്തിച്ചു. മകൾ കോപ്പി അടിക്കില്ല. ഹാൾ ടിക്കറ്റിലെ കയ്യക്ഷരം മകളുതേല്ല. പ്രിൻസിപ്പലിനെയും അധ്യാപകനെയും അറസ്റ്റ് ചെയ്യണമെന്നും പിതാവ് ആവശ്യപ്പെട്ടു. കോളജ് അധികൃതർ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം നടന്നു. കോളജ് അധികൃതർ വിഡിയോ എഡിറ്റ് ചെയ്തുവെന്നും വാർത്താസമ്മേളനത്തിൽ ഷാജി പറഞ്ഞു.

അതേസമയം വിദ്യാർത്ഥിനിയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. എന്നാൽ പ്രിൻസിപ്പാളിനെ അറസ്റ്റ് ചെയ്യാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് കുടുംബം. ആംബുലൻസിൽ നിന്ന് ബന്ധുക്കളെ പോലീസ് ഇറക്കിവിട്ടെന്നും അഞ്ജുവിന്റെ ബന്ധുക്കൾ ആരോപിച്ചു.

പരീക്ഷയ്ക്കിടെ ഉണ്ടായ മാനസിക പീഡനത്തിനിരയായാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്നും കുടുംബം ആരോപിച്ചു. കഴിഞ്ഞ ദിവസം മീനച്ചിലാറ്റിൽ നിന്നാണ് രണ്ടു ദിവസം മുമ്പ് കാണാതായ അഞ്ജുവിന്റെ മൃതദേഹം കണ്ടെത്തുന്നത്. അഞ്ജുവിന്റെ ബാഗും കുടയും ചേർപ്പുങ്കൽ പാലത്തിൽ കണ്ടതിനെത്തുടർന്ന് അഗ്നിരക്ഷാസേന മീനച്ചിലാറ്റിൽ തെരച്ചിൽ നടത്തുകയായിരുന്നു. സർവകലാശാല അനുവദിച്ച പരീക്ഷാകേന്ദ്രം ചേർപ്പുങ്കലിലായിരുന്നു. സെമസ്റ്ററിലെ അവസാന പരീക്ഷ ശനിയാഴ്ചയാണ് നടന്നത്.

പെൺകുട്ടിയെ കാണാതായ സംഭവത്തിൽ കോളേജ് അധികൃതർ ഗുരുതരമായ അനാസ്ഥ കാട്ടിയതായി ബന്ധുക്കൾ ആരോപിച്ചു. കോപ്പിയടിച്ച് പിടിച്ചെന്ന ആരോപണം സത്യമാണെങ്കിൽ രക്ഷിതാക്കളെയോ പഠിക്കുന്ന കോളേജ് അധികൃതരെയോ അറിയിക്കാതെ കുട്ടിയെ തനിയെ മടക്കി അയച്ചത് എന്തിനെന്നും ബന്ധുക്കൾ ചോദിച്ചിരുന്നു.

Exit mobile version