യഥാര്‍ത്ഥത്തില്‍ ക്ഷേത്രങ്ങളും ചര്‍ച്ചുകളും മസ്ജിദുകളും തുറക്കലായിരുന്നില്ല പ്രശ്‌നം, രാഷ്ട്രീയ കുറുക്കന്മാര്‍ അധികാരഭ്രമം മൂത്ത് നടത്തുന്ന കളി തീക്കളിയാണെന്നോര്‍ക്കുക; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി കെടി ജലീല്‍

തിരുവനന്തപുരം: അഞ്ചാംഘട്ട ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി കേരളത്തിലെ ആരാധാനാലയങ്ങളും തുറക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ആരാധനാലയങ്ങള്‍ തുറന്നേ മതിയാവൂ. നിയന്ത്രണം മാറ്റിയില്ലെങ്കിലും ഭക്തന്മാര്‍ ദര്‍ശനത്തിന് പോകുമെന്നും തടയാന്‍ നിന്നാല്‍ സര്‍ക്കാരിന്റെ കൈ പൊള്ളുമെന്നുമായിരുന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ അഭിപ്രായപ്പെട്ടത്.

സമാനമായ അഭിപ്രായ പ്രകടനവുമായി മറ്റ് പല പ്രതിപക്ഷ നേതാക്കളും മുന്നോട്ട് വന്നു. എന്നാല്‍ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതിയുണ്ടായിട്ടും സംസ്ഥാനത്തെ മിക്ക ആരാധാനാലയങ്ങളും തല്‍ക്കാലം അടച്ചിടാന്‍ തന്നെയാണ് മത-സാമുദായിക നേതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മന്ത്രി കെടി ജലീല്‍. പിണറായി സര്‍ക്കാര്‍ നിരീശ്വരത്വം പ്രചരിപ്പിക്കാനും ജനങ്ങളെ മതവിശ്വാസത്തില്‍ നിന്ന് അകറ്റാനും വേണ്ടിയാണ് ദേവാലയങ്ങള്‍ തുറക്കാത്തതെന്ന് കള്ളപ്രചരണം അഴിച്ചുവിട്ട് സത്യസന്ധരും നിഷ്‌കളങ്കരുമായ മത വിശ്വാസികളെ സംസ്ഥാന സര്‍ക്കാരിനെതിരെ തിരിക്കാനാണ് കോണ്‍ഗ്രസ്സും ലീഗും ബി.ജെ.പിയും കൊണ്ടുപിടിച്ച് കുതന്ത്രങ്ങള്‍ മെനഞ്ഞതെന്ന് ആര്‍ക്കാണറിയാത്തതെന്ന് മന്ത്രി പറയുന്നു.

ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രി കെടി ജലീലിന്റെ പ്രതികരണം. മുഖ്യമന്ത്രിയും ഹൈന്ദവ – മുസ്ലിം – ക്രൈസ്തവ മതനേതാക്കളും തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ചില വ്യവസ്ഥകള്‍ പാലിച്ച് സാധ്യമാകുന്ന ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനമായത്. സാഹചര്യങ്ങളുടെ ഗൗരവാവസ്ഥ മുന്‍നിര്‍ത്തി മതനേതാക്കള്‍ തന്നെ മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ പൊതുവായി അംഗീകരിക്കപ്പെടുകയായിരുന്നു.

മുഖ്യമന്ത്രിയാകട്ടെ കാര്യങ്ങളുടെ കിടപ്പ് അത്രക്ക് പന്തിയല്ലെന്ന് എല്ലാവരേയും ബോദ്ധ്യപ്പെടുത്തുകയും ജാഗ്രത കൈവിടരുതെന്ന് പ്രത്യേകം ഉണര്‍ത്തുകയും ചെയ്തു. ഇതോടെ മതവിശ്വാസികളെ സര്‍ക്കാരിനെതിരെ അണിനിരത്താനുള്ള ‘സുവര്‍ണ്ണാവസരം’ നഷ്ടപ്പെട്ടെന്ന് ബോധ്യമായ ചില രാഷ്ട്രീയ കുബുദ്ധികള്‍ വ്യവസ്ഥാപിത മതസംഘടനകളെയും അവയുടെ സമാദരണീയരായ നേതാക്കളെയും സമൂഹമധ്യത്തില്‍ ഇകഴ്ത്തി കാണിക്കാനുള്ള ‘കുത്തിത്തിരിപ്പ്’ നടത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടതെന്നും കെടി ജലീല്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

….. പല്ലിന്‍ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല.

മദ്യഷോപ്പുകളും മാളുകളും മറ്റു കച്ചവട വ്യാപാര സ്ഥാപനങ്ങളും തുറന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ക്ക് മാത്രം എന്തിന് നിരോധനമെന്ന് ചോദിച്ചവരില്‍ മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് സാഹിബും കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും കോണ്‍ഗ്രസ്സ് നേതാവ് കെ. മുരളീധരന്‍ എം.പിയും ജോസ് കെ. മാണി എം.പിയും ബി.ജെ.പി നേതാക്കളുമായിരുന്നു മുന്‍പന്തിയില്‍. ജമാഅത്തെ ഇസ്ലാമിയാകട്ടെ പതിവുപോലെ പ്രത്യക്ഷത്തില്‍ ഒരു നിലപാടും പരോക്ഷമായി മറ്റൊരു നിലപാടും ഉള്ളിലൊതുക്കി മണ്ണുംചാരി നിന്നു. ഇവര്‍ക്കാര്‍ക്കും ക്ഷേത്രങ്ങളും ചര്‍ച്ചുകളും മസ്ജിദുകളും തുറക്കലായിരുന്നില്ല പ്രശ്‌നം. പിണറായി സര്‍ക്കാര്‍ നിരീശ്വരത്വം പ്രചരിപ്പിക്കാനും ജനങ്ങളെ മതവിശ്വാസത്തില്‍ നിന്ന് അകറ്റാനും വേണ്ടിയാണ് ദേവാലയങ്ങള്‍ തുറക്കാത്തതെന്ന് കള്ളപ്രചരണം അഴിച്ചുവിട്ട് സത്യസന്ധരും നിഷ്‌കളങ്കരുമായ മത വിശ്വാസികളെ സംസ്ഥാന സര്‍ക്കാരിനെതിരെ തിരിക്കാനാണ് കോണ്‍ഗ്രസ്സും ലീഗും ബി.ജെ.പിയും കൊണ്ടുപിടിച്ച് കുതന്ത്രങ്ങള്‍ മെനഞ്ഞതെന്ന് ആര്‍ക്കാണറിയാത്തത്?

മുഖ്യമന്ത്രിയും ഹൈന്ദവ – മുസ്ലിം – ക്രൈസ്തവ മതനേതാക്കളും തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ചില വ്യവസ്ഥകള്‍ പാലിച്ച് സാധ്യമാകുന്ന ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനമായത്. സാഹചര്യങ്ങളുടെ ഗൗരവാവസ്ഥ മുന്‍നിര്‍ത്തി മതനേതാക്കള്‍ തന്നെ മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ പൊതുവായി അംഗീകരിക്കപ്പെടുകയായിരുന്നു. മുഖ്യമന്ത്രിയാകട്ടെ കാര്യങ്ങളുടെ കിടപ്പ് അത്രക്ക് പന്തിയല്ലെന്ന് എല്ലാവരേയും ബോദ്ധ്യപ്പെടുത്തുകയും ജാഗ്രത കൈവിടരുതെന്ന് പ്രത്യേകം ഉണര്‍ത്തുകയും ചെയ്തു.

ഇതോടെ മതവിശ്വാസികളെ സര്‍ക്കാരിനെതിരെ അണിനിരത്താനുള്ള ‘സുവര്‍ണ്ണാവസരം’ നഷ്ടപ്പെട്ടെന്ന് ബോദ്ധ്യമായ ചില രാഷ്ട്രീയ കുബുദ്ധികള്‍ വ്യവസ്ഥാപിത മതസംഘടനകളെയും അവയുടെ സമാദരണീയരായ നേതാക്കളെയും സമൂഹമധ്യത്തില്‍ ഇകഴ്ത്തി കാണിക്കാനുള്ള ‘കുത്തിത്തിരിപ്പ്’ നടത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കേട്ടുകേള്‍വി പോലുമില്ലാത്ത കടലാസ് സംഘടനയുടെ പേരില്‍ സമൂഹം ആദരിക്കുന്ന വ്യക്തികളെ തെറ്റിദ്ധരിപ്പിച്ച് മതസംഘടനകളുടെ അഭിപ്രായങ്ങള്‍ക്കെതിരെ പ്രസ്താവനയിറക്കിച്ച രാഷ്ട്രീയ കുറുക്കന്മാര്‍ അധികാരഭ്രമം മൂത്ത് നടത്തുന്ന കളി തീക്കളിയാണെന്നോര്‍ക്കുക. മത സംഘടനകളെ വരുതിക്ക് നിര്‍ത്താനുള്ള നീക്കങ്ങള്‍ പണ്ടത്തെപ്പോലെ ഫലം കാണുന്നില്ലെന്ന് സുവ്യക്തം. വിരട്ടലും വിലപേശലും പണ്ഡിതന്മാരോട് വേണ്ട. കാരണം പ്രവാചകന്മാരുടെ യഥാര്‍ത്ഥ പിന്‍മുറക്കാരാണവര്‍.

Exit mobile version