പാലക്കാട് സമ്പര്‍ക്കത്തിലൂടെ കൊറോണ പടരുന്നു; രോഗത്തിന്റെ ഉറവിടമറിയാത്തവര്‍ നിരവധി പേര്‍, ജില്ല ആശുപത്രിയിലെ അഞ്ച് പേര്‍ക്ക് വൈറസ് ബാധ

പാലക്കാട്: പാലക്കാട് കൊറോണ ബാധിതരുടെ എണ്ണം ഉയരുന്നു. ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മാത്രം ജില്ലാ ആശുപത്രിയിലെ അഞ്ച് ജീവനക്കാര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.

കൊറോണ ബാധിച്ച് പാലക്കാട് നിലവില്‍ ചികിത്സയിലുള്ളത് 172 പേരാണ്. ആലത്തൂര്‍ സബ് ജയിലില്‍ തടവുകാരനും കൊറോണ സ്ഥിരീകരിച്ചു. ജില്ലാ ആശുപത്രിലെ ജീവനക്കാരിലും വൈറസ് പടര്‍ന്ന് പിടിക്കുകയാണ്. ഡി.എം.ഒയും ജില്ലാ ആശുപത്രി സൂപ്രണ്ടും ഉള്‍പ്പെടെ നിരീക്ഷണത്തില്‍ തുടരുകയാണ്.

ജീവനക്കാര്‍ കൂട്ടത്തോടെ നിരീക്ഷണത്തില്‍ പോയതോടെ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിന്റെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായി. നിലവില്‍ 20 ആരോഗ്യ പ്രവര്‍ത്തകര്‍ കൊറോണ ബാധിതരായി ചികിത്സയിലുണ്ട്.

വാഴംപുറം സ്വദേശിയായ സ്ത്രീക്ക് എങ്ങനെയാണ് രോഗം വന്നതെന്ന് വ്യക്തമല്ല. ആലത്തൂര്‍ സബ് ജയിലില്‍ കഴിയുന്ന റിമാന്റ് പ്രതിക്കും കോവിഡ് പോസിറ്റീവായി. മുണ്ടൂര്‍ സ്വദേശിയായ തടവുപുള്ളിക്ക് എങ്ങനെയാണ് രോഗം വന്നതെന്ന് വ്യക്തമല്ല. കഴിഞ്ഞ മാസം 30ആം തിയ്യതിയാണ് ഇയാളെ ജയിലിലാക്കിയത്.

Exit mobile version