ആതുരാശ്രമം ഹോസ്റ്റലിലെ സുരക്ഷാജീവനക്കാരന്റെ കൊലപാതകം: പ്രതി രക്ഷപ്പെടുന്നതിനിടെ അപകടത്തിൽപെട്ട് ചികിത്സയിൽ; വിവരങ്ങൾ പുറത്തുവിടാതെ പോലീസ്

പാലക്കാട്: കഞ്ചിക്കോട് ആതുരാശ്രമം വനിതാ ഹോസ്റ്റലിലെ സുരക്ഷ ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. പാലക്കാട് യാക്കര സ്വദേശിയായ ടാക്‌സി ഡ്രൈവറാണ് സുരക്ഷ ജീവനക്കാരനായ പിഎം ജോണിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. കൊലപാതകം നടത്തിയ ശേഷം തൃശ്ശൂരിലേക്ക് പോവുന്നതിനിടെ ഇയാളുടെ കാർ അപകടത്തിൽ പെടുകയും ചികിത്സയിലാവുകയുമായിരുന്നു.

നിർത്തിയിട്ടിരുന്ന ലോറിയിൽ പ്രതി സഞ്ചരിച്ച കാറിടിച്ചായിരുന്നു അപകടം. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇയാൾ ചികിത്സയിൽ കഴിയുന്നത്. ഇയാളുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. രണ്ട് ദിവസം മുമ്പാണ് കഞ്ചിക്കോട് പ്രവർത്തിക്കുന്ന വനിത ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ അജ്ഞാതൻ ഇരുമ്പ് വടികൊണ്ട് സുരക്ഷാ ജീവനക്കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവം സിസിടിവിയിൽ പതിഞ്ഞെങ്കിലും അക്രമിയെ തിരിച്ചറിയാനായിരുന്നില്ല.

സിസിടിവി ദൃശ്യങ്ങളിൽ കണ്ട അക്രമിയുമായി രൂപസാദൃശ്യമുള്ള സമീപവാസികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇവരിൽ നിന്ന് കാര്യമായ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടില്ല. അക്രമി സുരക്ഷ ജീവനക്കാരനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിക്കാത്തതും കുറച്ച് നേരം വാക്കേറ്റം നടന്നതും പരിഗണിച്ചാണ് ഇയാൾ മോഷ്ടാവാകില്ലെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. ഹോസ്റ്റലിൽ നിന്ന് ഒന്നും നഷ്ടമായിട്ടില്ലെന്നും കണ്ടെത്തി. ഇതോടെയാണ് കൊല്ലപ്പെട്ട പിഎം ജോണിന് മുൻപരിചയമുള്ളയാളാവും പ്രതിയെന്ന് പോലീസ് നിരീക്ഷിച്ചത്.

സംഭവസമയത്ത് ഹോസ്റ്റലിൽ 15 അന്തേവാസികളാണ് ഉണ്ടായിരുന്നത്. ഹോസ്റ്റലിലുണ്ടായിരുന്ന ആരും പ്രതിയുടെ മുഖം വ്യക്തമായി കണ്ടിട്ടില്ല. കോയമ്പത്തൂരിലെ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും ഹോസ്റ്റലിലുണ്ടായിരുന്നു. ഇവരെല്ലാവരുടെയും ഫോൺ വിവരങ്ങൾ പോലീസ് തേടുന്നുണ്ട്.

Exit mobile version