58 രൂപയുടെ മട്ട അരിക്ക് 11 രൂപ; വെളിച്ചെണ്ണ ലിറ്ററിന് 44 രൂപ, പഞ്ചസാര 9 രൂപയ്ക്ക്; പച്ചക്കറിയെല്ലാം പത്ത് രൂപയ്ക്ക് താഴെ; അവശ്യസാധനങ്ങൾക്ക് 80 ശതമാനം വിലക്കുറവ്; ജനഹൃദയത്തിൽ ട്വന്റി20 കിഴക്കമ്പലം

കൊച്ചി മഹാമാരി കാലം മരണത്തോടൊപ്പം കൊണ്ടുവന്നത് കഷ്ടപ്പാടും വറുതിയും കൂടിയാണ്. ഇതോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കഴിയും വിധം ജനങ്ങൾക്ക് നേരെ സഹായ ഹസ്തം നീട്ടിയെങ്കിലും അത് പര്യാപ്തമല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. അതിനാൽ തന്നെ, കൂടുതൽ സഹായവുമായി ആരെങ്കിലും കനിവ് കാണിക്കുമ്പോൾ അഭിനന്ദിക്കാതിരിക്കാനും ആകില്ല. ഇത്തരത്തിൽ സ്വന്തം ജനങ്ങൾക്ക് 80 ശതമാനത്തോളം വിലക്കുറവിൽ ഭക്ഷ്യോത്പന്നങ്ങളും അവശ്യവസ്തുക്കളും എത്തിച്ച് അമ്പരപ്പിക്കുകയാണ് കിഴക്കമ്പലത്തെ ട്വന്റി-20 ഭരണ നേതൃത്വം. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് അവശ്യ സാധനങ്ങൾ നൽകിയാണ് ട്വന്റി ട്വന്റി കൂട്ടായ്മ ഉദാത്ത മാതൃക തീർക്കുന്നത്.

അത്യാവശ്യ സാധനങ്ങൾക്ക് 80 ശതമാനം വരെ വില കുറച്ചാണ് വിതരണം ചെയ്യുന്നതെന്ന് ട്വന്റി20 കിഴക്കമ്പലം കൂട്ടായ്മ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ട്വന്റി20 ഭക്ഷ്യസുരക്ഷാ മാർക്കറ്റിലൂടെ ജൂൺ 1 മുതലാണ് സാധനങ്ങൾ വിതരണം ചെയ്യുന്നത്. ട്വന്റി-ട്വന്റി കിഴക്കമ്പലം പ്രസിദ്ധപ്പെടുത്തിയ പട്ടിക പ്രകാരം, എക്‌സ്‌പോർട്ട് ക്വാളിറ്റി മട്ടഅരി ഒരു കിലോ 11.60 രൂപയ്ക്കാണ് വിൽക്കുന്നത്. പൊതുവിപണിയിൽ ഇതിന്റെ വില 58 രൂപയാണ്. വിപണിയിൽ 48 രൂപയുള്ള വടി അരി . ട്വന്റി20 ഭക്ഷ്യസുരക്ഷ മാർക്കറ്റിൽ വെറും 8.40 രൂപയ്ക്ക് വിതരണം ചെയ്യുന്നു. 250 രൂപ മാർക്കറ്റ് വിലയുള്ള വെളിച്ചെണ്ണയുടെ വില ഓഫർ നിരക്കായ 44 രൂപയ്ക്ക് കിട്ടും. 50 രൂപയുള്ള പഞ്ചസാരയുടെ വില 9.60 രൂപ. പാലിന് 5 രൂപ ഈടാക്കുമ്പോൾ 250 ഗ്രാം ചായപ്പൊടി 14 രൂപയ്ക്ക് കിട്ടും. ഉരുളക്കിഴങ്ങ്, തക്കാളി, സവാള എന്നിവ കിലോയ്ക്ക് യഥാക്രമം,10,6.50,5 എന്നിങ്ങനെ പോകുന്നു നിരക്കുകൾ.

ട്വന്റി20 കിഴക്കമ്പലം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്:

ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് : അത്യാവശ്യ സാധനങ്ങൾക്ക് 80 ശതമാനം വിലകുറയും : തൊഴിൽ നഷ്ട്ടപ്പെട്ടും തൊഴിലില്ലായ്മകൊണ്ടും കൊവിഡ്19ന്റെ ദുരിതം ഏറിവരുന്ന സാഹചര്യത്തിൽ ട്വന്റി20 ഭക്ഷ്യസുരക്ഷാ മാർക്കറ്റിൽ ജൂൺ 1 മുതൽ അത്യാവശ്യ സാധനങ്ങൾക്ക് വീണ്ടും വില കുറയ്ക്കുവാൻ തീരുമാനിച്ചു.#twetny20 #kizhakkambalam #scr #chartiy #bhaskyasurksha

Exit mobile version