സൂരജ് വീട്ടില്‍ മുമ്പും പാമ്പിനെ കൊണ്ടുവന്നിട്ടുണ്ടെന്ന് അമ്മയും സഹോദരിയും, അണലിയെക്കൊണ്ട് കടിപ്പിച്ചത് വടി കൊണ്ട് അടിച്ച് പ്രകോപിപ്പിച്ച്, ഉത്രയുടെ കാലിലെ മാംസം അടര്‍ന്നു പോയി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

കൊല്ലം: കൊല്ലം അഞ്ചലിലെ ഉത്ര കൊലപാതകക്കേസ് നിര്‍ണായ വഴിത്തിരിവിലേക്ക്. പ്രതി സൂരജിന്റെ അമ്മയെയും സഹോദരിയേയും ചോദ്യം ചെയ്തതോടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സൂരജ് വീട്ടില്‍ മുമ്പും പാമ്പിനെ കൊണ്ടുവന്നിട്ടുണ്ടെന്ന് അമ്മ രേണുക പോലീസിനോട് പറഞ്ഞു.

ഉത്രയുടെ സ്വര്‍ണ്ണം ഒളിപ്പിച്ച് വെച്ചത് അറിയാമായിരുന്നുവെന്ന് രേണുകയും പോലീസിന്റെ പിടിയില്‍ നിന്നും സഹോദരനെ ഒളിപ്പിച്ചത് താനായിരുന്നുവെന്ന് സഹോദരിയും ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. രേണുകയോടും മകളോടും ഇന്നു വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

ക്രൂരമായാണ് ഭര്‍ത്താവ് സൂരജ് അണലിയെ ഉപയോഗിച്ച് ഉത്രയെ കടിപ്പിച്ചത്. വടി ഉപയോഗിച്ച് പാമ്പിനെ അടിച്ചു പ്രകോപിപ്പിച്ചാണ് കടിപ്പിച്ചത്. കടിയില്‍ ഉത്രയുടെ കാലില്‍ ആഴമേറിയ മുറിവുണ്ടായി. മാംസം അടര്‍ന്നു പോയി. മണിക്കൂറുകള്‍ക്ക് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്.

മരണം സംഭവിക്കുമെന്ന് സൂരജ് പ്രതീക്ഷിച്ചെങ്കിലും ഉത്ര രക്ഷപ്പെട്ടു. 52 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ആശുപത്രി വിട്ടത്. അടര്‍ന്നു പോയ മാംസത്തിനു പകരം പ്ലാസ്റ്റിക് സര്‍ജറി നടത്തേണ്ടി വന്നു. 5.72 ലക്ഷം രൂപ ആശുപത്രി ബില്ലായി.

മരുന്നു ചെലവ് ഉള്‍പ്പെടെ 10 ലക്ഷം രൂപ ആയി. മുഴുവന്‍ തുകയും ഉത്രയുടെ വീട്ടുകാരാണ് നല്കിയത്. അണലി കടിയേല്ക്കുന്ന സമയത്ത് ഉത്ര ചുരിദാറായിരുന്നു ധരിച്ചിരുന്നത്. എന്നാല്‍ കണങ്കാലിലെ ആഴമേറിയ മുറിവ് സൂരജിന്റെ അച്ഛനും അമ്മയും കണ്ടില്ലെന്നാണ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ പോലീസ് ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല.

Exit mobile version