വീട്ടുവളപ്പില്‍ കുഴിച്ചിട്ട സ്വര്‍ണാഭരണങ്ങള്‍ ഉത്രയുടെ അമ്മ തിരിച്ചറിഞ്ഞു, കുഴിച്ചിട്ടതില്‍ കുഞ്ഞിന്റെ ആഭരണങ്ങളും, സൂരജിന്റെ അച്ഛനെതിരെ കേസ്

കൊല്ലം: അഞ്ചല്‍ ഉത്രകൊലക്കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. സൂരജിന്റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ ഉത്രയുടെ അമ്മ തിരിച്ചറിഞ്ഞു. കുഴിച്ചിട്ടതില്‍ ഉത്രയുടെ കുഞ്ഞിന്റെ ആഭരണങ്ങളുമുണ്ട്. കഴിഞ്ഞദിവസം സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനാണ് കുഴിച്ചിട്ട സ്വര്‍ണം ക്രൈംബ്രാഞ്ചിന് കാണിച്ച് കൊടുത്തത്.

അതേസമയം തെളിവ് നശിപ്പിക്കല്‍, ഗാര്‍ഹിക പീഡനം എന്നീ കേസുകള്‍ ചുമത്തി സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തു. കേസില്‍ സുരേന്ദ്രന് മുഖ്യ പങ്കുണ്ടെന്നാണ് പോലീസ് അധികൃതര്‍ വ്യക്തമാക്കുന്നത്. സൂരജ് ഒറ്റയ്ക്കാണോ കൊലപാതകം നടത്തിയത് അതോ കുടുംബത്തിന്റെകൂടി പിന്തുണയോടെയാണോ എന്ന് അറിയുന്നതിനായി ചോദ്യം ചെയ്യല്‍ തുടരുകയാണ്.

സൂരജിന്റെ അമ്മയേയും സഹോദരിയേയും പോലീസ് വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തു. ഉത്രയുടെ സ്വര്‍ണം കുഴിച്ചിട്ടതിലും ഗൂഢാലോചനയിലും സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും പങ്കുണ്ടെന്നാണ് സൂചന. അടൂര്‍ പറക്കോട്ടെ വീട്ടിലെത്തിയാണ് പോലീസ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്.

സ്വര്‍ണം വീട്ടുവളപ്പില്‍ കുഴിച്ചിട്ടതില്‍ സൂരജിന്റെ അമ്മ രേണുകക്കും പങ്കുണ്ടെന്ന് അച്ഛന്‍ സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇരുവരേയും ചോദ്യം ചെയ്യലിനായി കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് അന്വേഷണ സംഘം വിളിപ്പിച്ചിരുന്നു.

കഴിഞ്ഞദിവസമാണ് സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. ഉത്രയുടെ 38 പവന്‍ സ്വര്‍ണാഭരണങ്ങളാണ് വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ നിന്നും കണ്ടെത്തിയത്. ആഭരണങ്ങള്‍ രണ്ട് പൊതികളിലാക്കി കുഴിച്ചിട്ടനിലയിലായിരുന്നു. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കു സ്വര്‍ണം കാണിച്ചുകൊടുത്തത്.

Exit mobile version