ഉത്ര വധക്കേസ്: സൂരജിന്റെ അച്ഛന് പിന്നാലെ, അമ്മയേയും സഹോദരിയേയും അറസ്റ്റ് ചെയ്‌തേക്കും; ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് വിളിപ്പിച്ചു

കൊല്ലം: കൊല്ലം അഞ്ചൽ സ്വദേശിനി ഉത്രയെ പാമ്പിനെ കടിപ്പിച്ചുകൊലപ്പെടുത്തിയ കേസിൽ പ്രതിയായ സൂരജിന്റെ അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്. ഇരുവരോടും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ചു.

ഉത്രയുടെ സ്വർണ്ണം കടത്തിയതിന് സൂരജിന്റെ അച്ഛനെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉത്രയുടെ സ്വർണ്ണാഭരണങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയതിനെത്തുടർന്നായിരുന്നു അറസ്റ്റ്. ആഭരണങ്ങൾ രണ്ട് പൊതികളിലായി കുഴിച്ചിട്ടിരിക്കുകയായിരുന്നു. സൂരജിന്റെ അച്ഛൻ തന്നെയാണ് സ്വർണ്ണം കാണിച്ചുകൊടുത്തത്. സ്വർണ്ണം കുഴിച്ചിട്ടതിൽ സൂരജിന്റെ അമ്മയ്ക്കും പങ്കുണ്ടെന്ന് അച്ഛൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്നാണ് വിവരം.

ഇതോടെയാണ് അമ്മയോടും സഹോദരിയോടും രാവിലെത്തന്നെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവർക്കെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

അതേസമയം, സ്വർണ്ണം കുഴിച്ചിട്ടതിലടക്കം സൂരജിന്റെ കുടുംബത്തിന് പങ്കുണ്ടെന്നാണ് ഉത്രയുടെ അച്ഛൻ വിജയ സേനൻ ആരോപിക്കുന്നത്. കൂടുതൽ സ്വർണ്ണം കണ്ടെത്താനുണ്ട്. എല്ലാം സൂരജിന്റെ അമ്മയുടെയും സഹോദരിയുടെയും അറിവോടെയാണെന്നും ഇദ്ദേഹം ആരോപിച്ചു.

Exit mobile version