ഉത്രയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ റബര്‍ തോട്ടത്തില്‍ രണ്ടിടങ്ങളിലായി കുഴിച്ചിട്ട നിലയില്‍; പ്രതി സൂരജിന്റെ പിതാവും അറസ്റ്റില്‍

കൊല്ലം: കൊല്ലം അഞ്ചലില്‍ ഉത്ര കൊലപാതകക്കേസില്‍ പ്രതി സൂരജിന്റെ പിതാവും അറസ്റ്റില്‍. ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ റബ്ബര്‍ തോട്ടത്തില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. സൂരജിന്റെ പിതാവ് സുരേന്ദ്രനാണ് കുഴിച്ചിട്ട സ്വര്‍ണം കാണിച്ച് കൊടുത്തത്.

കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പിതാവിനും അറിയാം എന്ന രീതിയില്‍ സൂരജ് മൊഴിനല്കിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം രാവിലെ ക്രൈംബ്രാഞ്ച് സംഘം സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നു.

തുടര്‍ന്ന് അദ്ദേഹത്തെ കൊട്ടാരക്കരയില്‍ കൊണ്ടുപോയി വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുരേന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം രാത്രി എട്ട് മണിക്ക് ക്രൈം ബ്രാഞ്ച് സംഘം സൂരജിന്റെ വീട്ടില്‍ എത്തിച്ചേര്‍ന്നു.

സമീപപ്രദേശങ്ങളിലടക്കം തിരച്ചില്‍ നടത്തി. ഒടുവില്‍ വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ രണ്ടിടങ്ങളിലായി മണ്ണില്‍ കുഴിച്ചിട്ട സ്വര്‍ണാഭരണങ്ങള്‍ സുരേന്ദ്രന്‍ കാട്ടിക്കൊടുക്കുകയായിരുന്നു. കണ്ടെടുത്ത സ്വര്‍ണം എത്ര പവനുണ്ട് എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Exit mobile version