വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ഓണലൈന്‍ വിദ്യാഭ്യാസ രീതിയുടെ പ്രസക്തി എന്ത്, നിയന്ത്രിതമായ രീതിയില്‍ സ്‌കൂളുകള്‍ തുറന്നാല്‍ പോരേ എന്നു ചോദിക്കുന്നവര്‍ക്ക് മറുപടിയുമായി തോമസ് ഐസക്

തിരുവന്തപുരം: കൊറോണ വ്യാപിക്കുന്ന ഈ സാഹചര്യത്തില്‍ വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ഓണലൈന്‍ വിദ്യാഭ്യാസ രീതിയുടെ പ്രസക്തി എന്താണെന്ന് ചോദിക്കുന്നവര്‍ക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിന് പുറത്തുള്ള ഹോട്ട് സ്‌പോട്ടുകളില്‍ നിന്നു കേരളത്തിലേക്കുള്ള മടങ്ങി വരവ് തീരുന്നത് വരെ കേരളത്തിലെ കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുമെന്നും പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നത് തികച്ചും അനുചിതമായ നടപടി ആയേക്കാമെന്നും തോമസ് ഐസക് പറയുന്നു.

എന്ത് പരിമിതി ഉണ്ടെങ്കിലും ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതികള്‍ പ്രസക്തമായി തീരുന്നത് ഇവിടെയാണെന്നും അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇതില്‍ നമ്മുക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്താവുന്നതേയുള്ളൂവെന്നും ധനമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. പ്രതിഭാതീരം ലൈബ്രറികളില്‍ എന്നത് പോലെ ഓരോ ക്ലാസ്സിലും ആറോ ഏഴോ കുട്ടികള്‍ക്കായി പരിമിതപ്പെടുത്തി വീട്ടില്‍ ടി വി ഇല്ലാത്ത കുട്ടികള്‍ക്ക് വിക്ടേഴ്സ് ചാനല്‍ കാണുന്നതിന് വായനശാലകളിലും അടഞ്ഞു കിടക്കുന്ന അങ്കണവാടികളിലും ടെലിവിഷന്‍ സൗകര്യം ഒരുക്കും.

ഇതിന് വേണ്ടി ഓരോ പ്രദേശത്തെയും ടെലിവിഷന്‍ ഇല്ലാത്ത വീടുകളുടെയും കുട്ടികള്‍ പഠിക്കുന്ന ക്ലാസ്സുകളുടെയും വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങി . ഒരാഴ്ചയ്ക്കുള്ളില്‍ ഇതെല്ലാം പ്രാവര്‍ത്തികമാകും. എല്ലാ കേന്ദ്രങ്ങളിലും പഞ്ചായത്തുകളുടെ സഹായത്തോടെ ടെലിവിഷനും ഉണ്ടാവും. ഇതിനകം തന്നെ മണ്ഡലത്തിലെ സ്‌കൂളുകളില്‍ നിന്ന് ഓരോ പ്രദേശത്തും ഇങ്ങനെ ലഭ്യമാകുന്ന കേന്ദ്രങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളും ഈ കേന്ദ്രങ്ങളില്‍, സ്‌കൂളുകളിലെ അധ്യാപകര്‍ തന്നെ മെന്റര്‍മാരായി എത്തുന്നതിനെ കുറിച്ചുള്ള ഉറപ്പുകളും ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറയുന്നു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ഓണലൈന്‍ വിദ്യാഭ്യാസ രീതിയുടെ പ്രസക്തി എന്ത് ? നിയന്ത്രിതമായ രീതിയില്‍ സ്‌കൂളുകള്‍ തുറന്നാല്‍ പോരേ എന്നു ചോദിക്കുന്നവരുണ്ട്. കോവിഡ് പകര്‍ച്ചവ്യാധി ഉയര്‍ത്തുന്ന വെല്ലുവിളിയെ കുറിച്ച് അവര്‍ക്ക് ധാരണ ഇല്ല എന്നു പറയേണ്ടിയിരിക്കുന്നു . അടുത്ത 2-3 മാസക്കാലം കേരളത്തിലെ കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരും എന്നു ന്യായമായും കരുതണം . സംസ്ഥാനത്തിന് പുറത്തുള്ള ഹോട്ട് സ്‌പോട്ടുകളില്‍ നിന്നു കേരളത്തിലേക്കുള്ള മടങ്ങി വരവ് തീരുന്നത് വരെ ഇത് തുടരും . ഇതിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നത് തികച്ചും അനുചിതമായ നടപടി ആയേക്കാം. എന്ത് പരിമിതി ഉണ്ടെങ്കിലും ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതികള്‍ പ്രസക്തമായി തീരുന്നത് ഇവിടെയാണ്. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇതില്‍ നമ്മുക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്താവുന്നതേയുള്ളൂ. വിദ്യാഭ്യാസ വകുപ്പിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാവുന്നതിന് പ്രാദേശികമായി എന്തെല്ലാം പിന്തുന്ന സംവിധാനങ്ങള്‍ നല്‍കാന്‍ പറ്റും എന്നാണ് ഞാന്‍ ഇന്ന് രാവിലെ ഇട്ട പോസ്റ്റില്‍ ഉന്നയിക്കാന്‍ ശ്രമിച്ചത്. ഇതിന് ഉദാഹരണമായി ആലപ്പുഴ തീരദേശ കുട്ടികള്‍ക്ക് വേണ്ടി 12 ലൈബ്രറികളിലായി കഴിഞ്ഞ കുറെ നാളുകളായി നടന്നു വരുന്ന പ്രതിഭാതീരം വിദ്യാഭ്യാസ പദ്ധതിയെ ഉദാഹരിച്ചത് . പ്രതിഭാതീരം വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സംരംഭത്തിന് എങ്ങിനെയൊക്കെ പിന്തുണ നല്‍കും എന്നതാണ് ഈ പോസ്റ്റില്‍ വിവരിച്ചത്.

ഇന്ന് ഒരു ദിവസം ഇത്തരത്തില്‍ പ്രാദേശിക പിന്തുണക്കായി അഞ്ച് പഞ്ചായത്തുകളിലെ പത്തോളം യോഗങ്ങളില്‍ പങ്കെടുത്തു. ഇവിടെ എല്ലായിടത്തും ഞങ്ങള്‍ ചെയ്യാന്‍ പോകുന്നത് , പ്രതിഭാതീരം ലൈബ്രറികളില്‍ എന്നത് പോലെ ഓരോ ക്ലാസ്സിലും ആറോ ഏഴോ കുട്ടികള്‍ക്കായി പരിമിതപ്പെടുത്തി വീട്ടില്‍ ടി വി ഇല്ലാത്ത കുട്ടികള്‍ക്ക് വിക്ടേഴ്സ് ചാനല്‍ കാണുന്നതിന് വായനശാലകളിലും അടഞ്ഞു കിടക്കുന്ന അങ്കണവാടികളിലും ടെലിവിഷന്‍ സൌകര്യം ഒരുക്കാന്‍ ആണ് . ഇതിന് വേണ്ടി ഓരോ പ്രദേശത്തെയും ടെലിവിഷന്‍ ഇല്ലാത്ത വീടുകളുടെയും കുട്ടികള്‍ പഠിക്കുന്ന ക്ലാസ്സുകളുടെയും വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങി . ഒരാഴ്ചയ്ക്കുള്ളില്‍ ഇതെല്ലാം പ്രാവര്‍ത്തികമാകും. എല്ലാ കേന്ദ്രങ്ങളിലും പഞ്ചായത്തുകളുടെ സഹായത്തോടെ ടെലിവിഷനും ഉണ്ടാവും.

ഇതിനകം തന്നെ മണ്ഡലത്തിലെ സ്‌കൂളുകളില്‍ നിന്ന് ഓരോ പ്രദേശത്തും ഇങ്ങനെ ലഭ്യമാകുന്ന കേന്ദ്രങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളും ഈ കേന്ദ്രങ്ങളില്‍, സ്‌കൂളുകളിലെ അധ്യാപകര്‍ തന്നെ മെന്റര്‍മാരായി എത്തുന്നതിനെ കുറിച്ചുള്ള ഉറപ്പുകളും ലഭിച്ചിട്ടുണ്ട്.

ചില വായനക്കാര്‍ ഉന്നയിച്ചിട്ടുള്ള ഗൌരവമായ ചോദ്യം ഈ പഠന കേന്ദ്രങ്ങളില്‍ കുട്ടികള്‍ വരുന്നതിനെക്കാള്‍ എളുപ്പമല്ലേ സ്‌ക്കൂളുകളില്‍ വരുന്നത് എന്നാണ് . ഈ കേന്ദ്രങ്ങളില്‍ എല്ലാ കുട്ടികളും വരുന്നില്ല . ടെലിവിഷന്‍ സൌകര്യം ഇല്ലാത്ത വീടുകളിലെ കുട്ടികളെ ഉള്ളൂ. ഈ കേന്ദ്രങ്ങള്‍ കുട്ടികളുടെ വീടിന് തൊട്ടടുത്ത് തന്നെ ആക്കാന്‍ ആണ് ശ്രമിക്കുന്നത് . ഇവരെല്ലാം സ്‌കൂളില്‍ വന്നാല്‍ വലിയ കൂട്ടം ആവും . ഓരോ ക്ലാസ്സിനും വ്യത്യസ്ത സമയക്രമം ആയതിനാല്‍ പഠന കേന്ദ്രങ്ങളില്‍ ഒരേ സമയം 6- 7 പേരെ കാണൂ.

മറ്റൊരു നിര്‍ദ്ദേശം എല്ലാവര്‍ക്കും ലാപ്പ്‌ടോപ്പും ഇന്റര്‌നെറ്റ് കണക്ഷനും എല്ലാം കൊടുക്കണം എന്നാണ് . അതിനൊക്കെ പറ്റുന്ന സ്‌കീമുകള്‍ ഉണ്ടാക്കാന്‍ നോക്കാം . കുടുംബശ്രീയും കെ എസ് എഫ് ഇ യും സഹകരിച്ച് ഒരു സ്‌കീമിന് രൂപം നല്കി വരുന്നുണ്ട് . പക്ഷെ ഇതൊക്കെ പ്രാവര്‍ത്തികമാക്കാന്‍ 2 മാസമെങ്കിലും വേണ്ടി വരും . അത് വരെ എല്ലാ കുട്ടികളും എങ്ങിനെയെങ്കിലും പഠിക്കട്ടെ . കേരള സര്‍ക്കാരിന്റെ ഇത് സംബന്ധിച്ച നിലപാട് കെ -ഫോണ്‍ പദ്ധതിയില്‍ തന്നെ വ്യക്തമാണ് . എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് എത്തിക്കാന്‍ 1000 കോടി രൂപയുടെ പദ്ധതി. സ്വഭാവികമായി ഈ പദ്ധതി പൂര്‍ത്തിയാവാന്‍ 6 മാസമെങ്കിലും എടുക്കും .

വിദ്യാഭ്യാസ വകുപ്പ് വിക്ടേഴ്‌സ് ചാനലിലൂടെ പ്രക്ഷേപണം നടത്താന്‍ മാത്രമല്ല ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം സ്‌കൂള്‍ കേന്ദ്രീകരിച്ച് അദ്ധ്യാപകരെ ഉപയോഗപ്പെടുത്തി കുട്ടികളുടെ സംശയ ദൂരീകരണത്തിനും അധികപരിശീലനത്തിനും വേണ്ട സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ട് . താമസിയാതെ അത് സംബന്ധിച്ച വിശദശാംശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കും.

ഇതിനൊക്കെ പൂരകമായിട്ടാണ് പ്രാദേശിക ചാനലുകള്‍ ഉപയോഗപ്പടുത്തി പരിഹാര ബോധനവും അധിക പഠനസഹായങ്ങളും നല്‍കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നത്. ഇവിടെ തയ്യാറാക്കുന്ന ബ്ലോഗിനെ കുറിച്ചും സൂചിപ്പിച്ചുവല്ലോ . ഇതൊക്കെ ഉപയോഗപ്പെടുത്താന്‍ കഴിവില്ലാത്ത പാവപ്പെട്ട വീടുകളിലെ കുട്ടികള്‍ക്കും ഇതൊക്കെ ഉറപ്പ് നല്‍കാനുള്ള വലിയ ഒരു പ്രാദേശിക വികസന പരീക്ഷണം ആണ് പ്രതിഭാതീരത്തില്‍ നടക്കുന്നത്.

ഇത് ആലപ്പുഴ മാത്രം നടക്കുന്ന പരിപാടി അല്ല. കേരളത്തില്‍ ഉടനീളം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കാന്‍ പോകുന്ന ഒരു വിദ്യാഭാസ മുന്നേറ്റമായിരിക്കും . കേരളത്തിലെ വിദ്യാഭ്യാസ കുതിപ്പില്‍ പ്രാദേശികമായി പി ടി എ കളും സ്‌കൂള്‍ മാനേജ്മെന്റ് സമിതികളും നടത്തുന്ന ഇടപെടലുകള്‍ നിരീക്ഷിച്ചിട്ടുള്ളവര്‍ക്ക് ഈ പുതിയ സംരഭത്തിന്റെ പ്രസക്തി മനസ്സിലാക്കാന്‍ പ്രയാസമുണ്ടാവില്ല . ഇതിനെ കുറിച്ചുള്ള കൂടുതല്‍ അനുഭവങ്ങള്‍ തുടര്‍ന്നും പങ്ക് വെയ്ക്കും

Exit mobile version