തൃക്കൊടിത്താനത്ത് മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു

ചങ്ങനാശേരി: മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു. തൃക്കൊടിത്താനം അമരയിലാണ് സംഭവം. മകന്‍ ജിതിന്‍ബാബു (27)വാണ് അമര കന്യാക്കോണില്‍ കുഞ്ഞന്നാമ്മ(55)യെ വെട്ടികൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ജിതിന്‍ ബാബുവിനെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.

ശനിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. മകന്‍ അമ്മയുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് വെട്ടി കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശേഷം ഫോണിലൂടെ നാട്ടുകാരെ വിളിച്ച് ജിതിന്‍ കുഞ്ഞന്നാമ്മയുടെ മരണവിവരം അറിയിക്കുകയും ചെയ്തു.

ആദ്യം ജിതിന്‍ ബാബു അയല്‍ പക്കത്തെ വീട്ടില്‍ ഫോണില്‍ വിളിച്ചാണ് വിവരം പറഞ്ഞത്. വീട്ടില്‍ വന്നാല്‍ ഒരു സംഭവം കാണാം എന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ക്ക് സംശയം തോന്നിയതോടെ വിവരം പോലീസിനെ അറിയിച്ചു.

സ്ഥലത്തെത്തിയ പോലീസ് ഗ്രില്‍ പൊളിച്ച് വീടിനുള്ളില്‍ കടന്നപ്പോള്‍ ആണ് ബെഡ് റൂമില്‍ അമ്മയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് കുഞ്ഞന്നാമ്മയുടെ മകന്‍ നിതിനെ ചോദ്യം ചെയ്യുകയും ഇയാള്‍ കുറ്റസമ്മതം നടത്തുകയുമുണ്ടായി.

വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തി. മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവം കേട്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാര്‍ ഒന്നടങ്കം.

Exit mobile version