സംസ്ഥാനത്ത് ഇത്തവണ ജൂൺ ഒന്നിന് സ്‌കൂൾ തുറക്കില്ല; ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും

തിരുവനന്തപുരം: പതിവ് പോലെ ജൂൺ ഒന്ന് ഇത്തവണ സംസ്ഥാനത്ത് പ്രവേശനോത്സവ ദിനം ആയിരിക്കില്ല. സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്‌കൂൾ തുറക്കില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്‌റുടെ അധ്യക്ഷതയിൽ ചേർന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യുഐപി) സമിതി യോഗം അറിയിച്ചു.

കേന്ദ്രസംസ്ഥാന സർക്കാരുകളുടെ തീരുമാനം അനുസരിച്ചാകും സ്‌കൂൾ തുറക്കുന്ന തീയതി പ്രഖ്യാപിക്കുക. എന്നാൽ ഓൺലൈൻ ക്ലാസ്സുകൾ നേരത്തെ പ്രഖ്യാപിച്ചത് പോലെ ജൂൺ ഒന്നിന് തന്നെ തുടങ്ങും. അധ്യാപകരോ കുട്ടികളോ ഇതിനായി സ്‌കൂളുകളിൽ ഹാജരാകേണ്ടതില്ലെന്നും യോഗം അറിയിച്ചു.

വിക്ടേഴ്‌സ് ചാനൽ വഴി രാവിലെ 8.30 മുതൽ വൈകുന്നേരം 6 മണി വരെയാകും ഓൺലൈൻ ക്ലാസ്സുകൾ നടക്കുക. പ്രൈമറി തലത്തിൽ അര മണിക്കൂറും ഹൈസ്‌കൂൾ വിഭാഗത്തിന് ഒരു മണിക്കൂറും ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ഒന്നര മണിക്കൂറുമാകും ക്ലാസുകൾ. ഓൺലൈൻ ക്ലാസ്സുകൾ ലഭ്യമാകുന്നതിന് ഇന്റർനെറ്റ്, ടെലിവിഷൻ സൗകര്യം ഇല്ലാത്തവർക്കായി വായനശാലകൾ, കുടുംബശ്രീ തുടങ്ങിയവ മുഖേന സൗകര്യം ഒരുക്കാനും യോഗത്തിൽ തീരുമാനമായി.

Exit mobile version