മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചാല്‍ പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ് യുഡിഎഫ് വഹിക്കാം; ബെന്നി ബെഹന്നാന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചാല്‍ പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ് വഹിക്കാമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍. പ്രവാസികള്‍ ക്വാറന്റീന്‍ പണം നല്‍കണമെന്ന നിലപാട് വഞ്ചനയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളെ അവഹേളിച്ച മുഖ്യമന്ത്രി മാപ്പ് പറയണം എന്നും ബെന്നി ബഹനാന്‍ ആവശ്യപ്പെട്ടു. കൊവിഡുമായി ബന്ധപ്പെട്ട് പല സഹായങ്ങളും നല്‍കാമെന്ന് പറഞ്ഞപ്പോഴും മുഖ്യമന്ത്രി നിരസിച്ചുവെന്ന് ബെന്നി ബഹനാന്‍ കുറ്റപ്പെടുത്തി. പ്രവാസികള്‍ക്ക് പണം നല്‍കി ക്വാറന്റൈന്‍ എര്‌പ്പെടുത്തുന്നതിനെതിരെ നേരത്തെ എകെ ആന്റണി, ശശി തരൂര്‍. വിഡി സതീശന്‍ തുടങ്ങിയ നേതാക്കള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

പിണറായി സര്‍ക്കാരിന്റെ നിലപാട് ക്രൂരമാണെന്ന് എകെ ആന്റണി പ്രതികരിച്ചു. തൊഴില് നഷ്ടമായി നാട്ടിലെത്തുന്നവരുടെ ക്വാറന്റൈന്‍ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് ആന്റണി പറഞ്ഞു. ഗള്‍ഫ് നാടുകളില്‍ നിന്ന് വിമാനടിക്കറ്റിന് പണം പിരിച്ചുവരുന്നവര്‍ എങ്ങനെ ക്വാറന്റൈന്‍ പണം നല്‍കുമെന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു. സര്‍ക്കാര്‍ തീരുമാനം കേരള ആരോഗ്യ മോഡലിനോടുള്ള വഞ്ചനയാണെന്ന് ശശി തരൂരും പറഞ്ഞു.

വിദേശത്ത് നിന്ന് സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.
നിശ്ചിത ദിവസം ക്വാറന്റൈനില്‍ കഴിയുന്നതിനുള്ള ചെലവ് അവരവര്‍ തന്നെ വഹിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്. തൊഴില്‍ നഷ്ടമായി വിദേശത്തുനിന്ന് മടങ്ങുന്നവര്‍ ഉള്‍പ്പെടെ ആര്‍ക്കും ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കാനാവില്ലെന്നും കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version