അച്ചടക്കത്തോടെ പരീക്ഷാ ഹാളിലേക്കും തിരിച്ചും വിദ്യാർത്ഥികൾ വരണം; മാതാപിതാക്കൾ പരീക്ഷാ കേന്ദ്രങ്ങൾക്ക് മുന്നിൽ കൂട്ടം കൂടിയാൽ നിയമനടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആരംഭിച്ച പത്താംക്ലാസ്-ഹയർസെക്കൻഡറി പരീക്ഷകളുമായി ബന്ധപ്പെട്ട മാർഗ്ഗനിർദേശങ്ങൾ വിശദീകരിച്ച് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ. കുട്ടികളുമായി എത്തുന്ന ബസ്സുകൾക്ക് സ്‌കൂൾ കോമ്പൗണ്ടിനകത്തേയ്ക്ക് പ്രവേശിക്കാവുന്നതാണ്. ഇതിന് സൗകര്യമില്ലാത്ത സ്‌കൂളുകളിൽ ഗേറ്റിന് 100 മീറ്റർ മുൻപായി ബസ് നിർത്തി കുട്ടികളെ ഇറക്കിയശേഷം അവർ വരിയായി സാമൂഹ്യ അകലം പാലിച്ച് അച്ചടക്കത്തോടെ പരീക്ഷാഹാളിലേയ്ക്ക് പോകണം.

മറ്റ് വാഹനങ്ങളിൽ എത്തുന്ന കുട്ടികൾ ഗേറ്റിന് 100 മീറ്റർ മുൻപുതന്നെ വാഹനം നിർത്തി ഇറങ്ങി പരീക്ഷാഹാളിലേയ്ക്ക് പോകണം. ഒപ്പം വന്ന ഡ്രൈവറോ മാതാപിതാക്കളോ സ്‌കൂളിലേക്ക് പോകാൻ അനുവദിക്കില്ല. പരീക്ഷാസമയം തീരുന്നതുവരെ അവർ കാത്തുനിൽക്കാതെ മടങ്ങേണ്ടതാണ്. കുട്ടിയെ തിരികെ കൊണ്ടുപോകാനായി പരീക്ഷ കഴിയുമ്പോൾ വീണ്ടും വന്നാൽ മതിയാകും. പരീക്ഷാകേന്ദ്രങ്ങൾക്കു മുന്നിലെ തിരക്ക് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും ഇത് സഹായിക്കും. ഈ നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.

പരീക്ഷ കഴിയുമ്പോൾ തിരക്ക് ഒഴിവാക്കാനായി കുട്ടികളെ ഒരുമിച്ച് ഒരേസമയംതന്നെ പുറത്തിറക്കരുതെന്ന് സ്‌കൂൾ അധികൃതരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സാമൂഹ്യ അകലം പാലിച്ച് വരിയായി വേണം കുട്ടികളെ ഹാളിന് പുറത്തേയ്ക്ക് വിടേണ്ടതെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

Exit mobile version