ഒരു സിനിമയുടെ സെറ്റ് പൊളിക്കല്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മേലുള്ള കയ്യേറ്റം,ഇത് അനുവദിച്ചു കൊടുക്കില്ല, കൊടുക്കാന്‍ പാടില്ല ; മിഥുന്‍ മാനുവല്‍ തോമസ്

കൊച്ചി: നടന്‍ ടൊവിനോ താമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് രാഷ്ട്രീയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചുനീക്കിയ സംഭവത്തില്‍ രൂക്ഷപ്രതികരണവുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് രംഗത്ത്.

ഒരു സിനിമയുടെ സെറ്റ് പൊളിക്കല്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ മേലുള്ള കയ്യേറ്റമാണെന്ന് മിഥുന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് പ്രതികരിച്ചത്. ഒരു സിനിമയുടെ സെറ്റ് പൊളിക്കല്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ മേലുള്ള കയ്യേറ്റം മാത്രമല്ല അത് ജനാധിപത്യത്തിനു മുകളിലുള്ള കയ്യേറ്റം തന്നെയാണെന്നും മിഥുന്‍ പറഞ്ഞു.

കല എന്ന് കേള്‍ക്കുമ്പോള്‍ ഹാലിളകുന്ന വിഷജീവികളെ കണ്ടെത്തി പുറന്തള്ളിയേ മതിയാകൂ. ഇത് അനുവദിച്ചു കൊടുക്കില്ല, കൊടുക്കാന്‍ പാടില്ല. ഇത് കേരളമാണെന്നും മിഥുന്‍ മാനുവല്‍ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. ആലുവ മണപ്പുറത്ത് സിനിമയ്ക്ക് വേണ്ടി ഒരുക്കിയ പള്ളിയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തത്.

സംഭവം ഇപ്പോള്‍ വന്‍ വിവാദമായി മാറിയിരിക്കുകയാണ്. രാഷ്ട്രീയ സിനിമാരംഗത്തുള്ള നിരവധി പേരാണ് സംഭവത്തില്‍ പ്രതിഷേധിച്ച് ഇതിനോടകം രംഗത്തെത്തിയത്. സോഷ്യല്‍മീഡിയയിലും സംഭവത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മിന്നല്‍ മുരളിയോടൊപ്പം.. ! ഒരു സിനിമയുടെ സെറ്റ് പൊളിക്കല്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ മേലുള്ള കയ്യേറ്റമാണ്, അത് ജനാധിപത്യത്തിനു മുകളിലുള്ള കയ്യേറ്റം തന്നെയാണ്. കല എന്ന് കേള്‍ക്കുമ്പോള്‍ ഹാലിളകുന്ന വിഷജീവികളെ കണ്ടെത്തി പുറന്തള്ളിയേ മതിയാകൂ.ഇത് അനുവദിച്ചു കൊടുക്കില്ല, കൊടുക്കാന്‍ പാടില്ല.. ഇത് കേരളമാണ്..

Exit mobile version