വിദേശത്ത് നിന്ന് വരുന്നവർക്ക് 7 ദിവസം സർക്കാർ ക്വാറന്റൈൻ മതി; പുതിയ മാർഗ്ഗനിർദേശവുമായി കേന്ദ്രം

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തേക്ക് വിദേശത്ത് നിന്നെത്തുന്നവർക്ക് സർക്കാർ ക്വാറന്റൈൻ 7 ദിവസം മതിയെന്ന പുതിയ മാർഗ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആദ്യ 7 ദിവസം സർക്കാർ ക്വാറന്റൈനും അടുത്ത 7 ദിവസം വീട്ടിൽ ക്വാറന്റൈനുമാണ് നിർദേശിച്ചിരിക്കുന്നത്. ഗർഭിണികൾക്ക് 14 ദിവസം വീട്ടിൽ ക്വാറന്റൈൻ ഒരുക്കണം. എല്ലാവർക്കും ആരോഗ്യ സേതു നിർബന്ധമെന്നും പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.

നേരത്തെ വിദേശത്ത് നിന്നെത്തുന്നവർക്ക് 7 ദിവസത്തെ സർക്കാർ ക്വാറന്റൈൻ മതിയെന്ന് കേരള സംസ്ഥാനം നിർദേശിച്ചിരുന്നു. സർക്കാർ കേന്ദ്രത്തിൽ ഏഴുദിവസവും അവരവരുടെ വീടുകളിൽ ഏഴുദിവസവും മതിയെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്. എന്നാൽ ആദ്യഘട്ടത്തിൽ സംസ്ഥാനത്തിന്റെ ഈ നിലപാട് തള്ളിയ കേന്ദ്രം 14 ദിവസത്തെ സർക്കാർ ക്വാറന്റൈൻ വേണമെന്ന് ശഠിച്ചിരുന്നു. ഇതാണ് ഇപ്പോൾ തിരുത്തിയിരിക്കുന്നത്.

അതേസമയം, രാജ്യത്ത് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലും, സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളിലെ പ്രശ്‌നങ്ങളും കണത്തിലെടുത്താണ് കേന്ദ്രം സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കുകയും സർക്കാർ ക്വാറന്റൈൻ 7 ദിവസം മതിയെന്ന പുതിയ മാർഗ നിർദേശം പുറപ്പെടുവിക്കുകയും ചെയ്തത്.

Exit mobile version