കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന 17കാരന്‍ മരിച്ചു; മരിച്ചത് ചെന്നൈയില്‍ നിന്ന് എത്തിയ യുവാവ്

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന 17കാരന്‍ മരിച്ചു. കണ്ണൂര്‍ മാടായി സ്വദേശി റിബിന്‍ ബാബുവാണ് മരിച്ചത്. ചെന്നൈയില്‍ നിന്നും 21 ന് സംസ്ഥാനത്ത് എത്തിയ യുവാവ് നിരീക്ഷണത്തിലായിരുന്നു. ഇതിനിടയില്‍ കടുത്ത പനിയും തല വേദനയും ഉണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെച്ച് ഇന്ന് ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്.

അതെസമയം മരണ കാരണം ഹൃദയാഘാതം മൂലമാവാമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാധമിക നിഗമനം. ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നു. എന്നിരുന്നാലും മുന്‍കരുലിന്റെ ഭാഗമായി വീണ്ടും സ്രവ പരിശോധന നടത്തും. അതിന്റെ ഫലം വന്നതിനു ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കൂ.

റിബിന് മറ്റ് ചില അസുഖങ്ങള്‍ കൂടി ഉണ്ടായിരുന്നുവെന്നാണ് വിവരം. അതെസമയം സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വയനാട് കല്‍പ്പറ്റ സ്വദേശിനി ആമിനയാണ് (53) മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണങ്ങളുടെ എണ്ണം അഞ്ചായി. ആമിന അര്‍ബുദ രോഗ ബാധിതയായിരുന്നു.

അര്‍ബുദ ചികിത്സാര്‍ത്ഥം 20നാണ് ഇവര്‍ ദുബായില്‍ നിന്ന് നാട്ടില്‍ എത്തിയത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ്, ആമിനയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ മെയ് 21 ന് ഇവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ രണ്ടുദിവസമായി ഇവരുടെ ആരോഗ്യനില വഷളായിരുന്നു. തുടര്ന്ന് ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

Exit mobile version