ഉത്രയും ഭർത്താവും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു; ആദ്യം പാമ്പ് കടിയേറ്റത് വീട്ടുമുറ്റത്തുവെച്ച്; മകൻ തെറ്റ് ചെയ്യില്ലെന്ന് സൂരജിന്റെ മാതാപിതാക്കൾ

കൊല്ലം: അഞ്ചലിൽ പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവത്തിൽ ഭർത്താവിന് നേരെ സംശയമുനകൾ ഉയരുമ്പോൾ ഇക്കാര്യം നിഷേധിച്ച് ഭർതൃവീട്ടുകാർ. മരിച്ച ഉത്രയും ഭർത്താവ് സൂരജുമായി അസ്വാരസ്യങ്ങളുണ്ടായിരുന്നതായി സൂരജിന്റെ മാതാപിതാക്കളാണ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അതൊന്നും ഗൗരവമുള്ളതല്ലെന്നും സൂരജിന്റെ കുടുംബം പറയുന്നു. മകൻ തെറ്റ് ചെയ്യുമെന്ന് കരുതുന്നില്ലെന്ന് പിതാവ് സുരേന്ദ്രൻ പറഞ്ഞു. ആദ്യം പാമ്പ് കടിയേറ്റത് കിടപ്പുമുറിയിലല്ല, മുറ്റത്ത് വച്ചാണെന്നും ഇവർ പറയുന്നു. ഉത്രയുടെ വീട്ടുകാരുടെ ആരോപണം തെറ്റെന്നും മാതാവ് രേണുകയും ആവർത്തിച്ചു.

അതേസമയം, കേസിൽ പാമ്പ് കടിയേറ്റ് മരിച്ച യുവതിയുടെ ഭർത്താവ് സൂരജിനേയും സഹായിയേയും പോലീസ് ചോദ്യംചെയ്യുകയാണ്. സഹായി സുരേഷ് പാമ്പുപിടിത്തക്കാരനാണ്. സൂരജിന്് പാമ്പ് പിടുത്തക്കാരുമായി ബന്ധമുള്ളതിന്റെ തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചനകളുണ്ട്. കേസിൽ ജന്തുശാസ്ത്ര വിദഗ്ധരുടെ സഹായം തേടാനും അന്വേഷണ സംഘം തീരുമാനിച്ചു.

തറ നിരപ്പിൽനിന്ന് പാമ്പിന് എത്ര ഉയരാൻ കഴിയും എന്നതും ഉറക്കത്തിൽ വിഷപ്പാമ്പിന്റെ കടിയേറ്റാൽ ഉണരുമോ എന്നതും കണ്ടെത്തനായി ഈ മേഖലയിലെ വിദഗ്ധരുടെ സഹായം തേടാനും ജില്ലാ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വൈകുന്നത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ഉത്രയുടെ ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കർ മാർച്ച് 2നു രാവിലെ തുറന്നതായി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേത്യത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി.

അഞ്ചൽ ഏറം സ്വദേശി ഉത്രയുടെ മരണത്തിൽ ദുരൂഹതകൾ തുടരുകയാണ്. കിടപ്പ് മുറിയിൽ ഭർത്താവിനും ഒന്നര വയസുള്ള മകനുമൊപ്പം കിടന്ന് ഉറങ്ങിയപ്പോഴാണ് യുവതിക്ക് പാമ്പ് കടിയേറ്റതും രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയതും. സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഇടതുകൈയ്യിൽ പാമ്പുകടിയേറ്റ പാട് കണ്ടെത്തിയ്ത. ശീതികരിച്ച മുറിയുടെ ജനലും കതകും അടച്ചിട്ടിരുന്നിട്ടും ഉഗ്ര വിഷമുള്ള പാമ്പ് എങ്ങിനെ അകത്തു കടന്നു എന്നതാണ് മരണത്തിൽ ഉത്രയുടെ മാതാപിതാക്കൾ ദുരൂഹത ആരോപിക്കാൻ കാരണം. മാത്രമല്ല മാർച്ച് മാസത്തിൽ ഭർത്താവ് സൂരജിന്റെ അടൂർ പറക്കോട്ടെ വീട്ടിൽ വെച്ചും യുവതിക്ക് വിഷം തീണ്ടിയിരുന്നു.

സൂരജിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ ചില പാമ്പ് പിടുത്തക്കാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

Exit mobile version