സ്പ്രിംക്ലറില്‍ ദുര്‍വ്യാഖ്യാനങ്ങളൊന്നും മനോരമ നടത്തിയില്ല, അതിനൊന്നും ഒട്ടും സ്‌കോപ്പില്ലാത്തത് കൊണ്ടാവാം, എന്നാല്‍ കള്ള വാര്‍ത്ത കൊടുത്ത് ഒരു മണിക്കൂര്‍ തികയും മുമ്പ് വാര്‍ത്ത പിന്‍വലിച്ച് ഓടിയ നാണക്കേടില്‍ നിന്ന് മാതൃഭൂമി എന്തെങ്കിലും പാഠം പഠിച്ചോ; തുറന്നടിച്ച് എംബി രാജേഷ്

തിരുവനന്തപുരം: കഴിഞ്ഞദിവസം സ്പ്രിംക്ലര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാതൃഭൂമി, മനോരമ പത്രങ്ങളെ താരതമ്യം ചെയ്ത് എംബി രാജേഷ് രംഗത്ത്. മനോരമ വസ്തുനിഷ്ഠമായി വാര്‍ത്ത നല്‍കിയപ്പോള്‍ മാതൃഭൂമി തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് വാര്‍ത്ത നല്‍കിയതെന്ന് എംബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

മനോരമക്ക് കാര്യം പിടികിട്ടി. സ്പ്രിങ്ക്‌ളര്‍ സോഫ്റ്റ് വെയര്‍ തന്നെ തുടര്‍ന്നും ഉപയോഗിക്കുമെന്നും ഡേറ്റയുടേയും വിശകലനത്തിന്റേയും പൂര്‍ണ്ണ ഉടമസ്ഥതയും നിയന്ത്രണാധികാരവും സര്‍ക്കാരിനാണെന്നും സര്‍ക്കാര്‍ വിശദീകരിച്ചത് വസ്തുനിഷ്ഠമായി വാര്‍ത്ത കൊടുത്തിരിക്കുന്നുവെന്നും വളച്ചൊടിക്കലില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

എന്നാല്‍ മാതൃഭൂമി ജനങ്ങളെ ബോധപുര്‍വ്വം തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്നും സ്പ്രിംക്ലര്‍ മരുന്നു കമ്പനിയായ ഫൈസറിന് ഡേറ്റ വിറ്റു എന്ന കള്ള വാര്‍ത്ത കൊടുത്ത് ഒരു മണിക്കൂര്‍ തികയും മുമ്പ് വാര്‍ത്ത പിന്‍വലിച്ച് ഓടിയ നാണക്കേടില്‍ നിന്ന് മാതൃഭൂമി എന്തെങ്കിലും പാഠം പഠിച്ചോ? എന്നും എംബി രാജേഷ് ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ആദ്യത്തേത് മനോരമ. രണ്ടാമത്തേത് മാതൃഭൂമി.സ്പ്രിങ്ക്‌ളറില്‍ ഇന്നലെ കൊടുത്ത വിശദമായ സത്യവാങ്ങ്മൂലം രണ്ടു പ്രമുഖ പത്രങ്ങള്‍ കൊടുത്ത വാര്‍ത്തകള്‍. മനോരമക്ക് കാര്യം പിടികിട്ടി. സ്പ്രിങ്ക്‌ളര്‍ സോഫ്റ്റ് വെയര്‍ തന്നെ തുടര്‍ന്നും ഉപയോഗിക്കുമെന്നും ഡേറ്റ യുടേയും വിശകലനത്തിന്റേയും പൂര്‍ണ്ണ ഉടമസ്ഥതയും നിയന്ത്രണാധികാരവും സര്‍ക്കാരിനാണെന്നും സര്‍ക്കാര്‍ വിശദീകരിച്ചത് വസ്തുനിഷ്ഠമായി വാര്‍ത്ത കൊടുത്തിരിക്കുന്നു. വളച്ചൊടിക്കലില്ല. സ്പ്രിങ്ക്‌ളര്‍ പുറത്തായി, സര്‍ക്കാര്‍ നിലപാട് മാറ്റി എന്ന ദുര്‍വ്യാഖ്യാനങ്ങളൊന്നും മനോരമ നടത്തുന്നില്ല. അതിനൊന്നും ഒട്ടും സ്‌കോപ്പില്ല എന്നതുകൊണ്ടാവാം അതിന് മുതിരാത്തത്.സര്‍ക്കാര്‍ തുടക്കം മുതല്‍ പറഞ്ഞു കൊണ്ടിരിക്കുന്നതു മാത്രമാണ് സത്യവാങ്മൂലത്തിലും ഉള്ളത് എന്നും ദുര്‍വ്യാഖ്യാനത്തിന് മുതിര്‍ന്നാല്‍ പത്രം വല്ലാതെ പരിഹാസ്യരാകുമെന്നും തിരിച്ചറിയാനുള്ള പ്രൊഫഷണലിസം മനോരമക്കുണ്ട്. സര്‍ക്കാരിനെതിരെ ഒന്നാം പേജില്‍ ആഘോഷിക്കാന്‍ വകുപ്പില്ലാത്തതു കൊണ്ടാവാം അഞ്ചാംപേജില്‍ ഒതുക്കിയത്. എന്തായാലും വാര്‍ത്ത സ്പഷ്ടവും വസ്തുനിഷ്ഠവുമാണ്. എന്നാല്‍ മാതൃഭൂമിയോ? ഒന്നാം പേജില്‍ കളറില്‍ തലക്കെട്ട് -കോവിഡ് രോഗികളുടെ വിവരശേഖരണം സ്പ്രിങ്ക്‌ളര്‍ പുറത്ത്! വിവരശേഖരണം എപ്പോഴാണ് സ്പ്രിങ്ക്‌ളര്‍ നടത്തിയത്? അത് ആശാവര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ ഉപയോഗിച്ച് സര്‍ക്കാരല്ലേ ശേഖരിച്ചത്? സ്പ്രിങ്ക്‌ളര്‍ ജീവനക്കാര്‍ കോവിഡ് രോഗികളെ സന്ദര്‍ശിച്ച് വിവരം ശേഖരിച്ചോ ?! സ്പ്രിങ്ക്‌ളറിന്റെ സോഫ്റ്റ് വെയര്‍ വിവര വിശകലനത്തിനല്ലേ ഉപയോഗിക്കുന്നത്? ഇനിയും അതുപയോഗിക്കും എന്നല്ലേ ഇന്നലെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്? സി-ഡിറ്റ് സര്‍വ്വറിന്റെ ശേഷികൂട്ടല്‍ പൂര്‍ത്തിയായാല്‍ ഉടന്‍ ഡേറ്റ അതിലേക്ക് മാറ്റും എന്ന് തുടക്കത്തിലേ സര്‍ക്കാര്‍ പറഞ്ഞതല്ലേ? മുഖ്യമന്ത്രി പത്ര സമ്മേളനത്തിലും ഐ .ടി .വകുപ്പ് പത്രക്കുറിപ്പായും കഴിഞ്ഞ തവണ കോടതിയിലും പറഞ്ഞതല്ലേ ഇന്നലെ കോടതിയില്‍ ആവര്‍ത്തിച്ചത്? എന്നിട്ടും ജനങ്ങളെ ബോധപുര്‍വ്വം തെറ്റിദ്ധരിപ്പിക്കുന്ന മാതൃഭൂമിയുടെ അജണ്ട വ്യക്തമല്ലേ. സ്പ്രിങ്ക്‌ളര്‍ മരുന്നു കമ്പനിയായ ഫൈസറിന് ഡേറ്റ വിറ്റു എന്ന കള്ള വാര്‍ത്ത കൊടുത്ത് ഒരു മണിക്കൂര്‍ തികയും മുമ്പ് വാര്‍ത്ത പിന്‍വലിച്ച് ഓടിയ നാണക്കേടില്‍ നിന്ന് മാതൃഭൂമി എന്തെങ്കിലും പാഠം പഠിച്ചോ?

Exit mobile version