കൊറോണ ബാധിച്ച് മരിച്ച തൃശ്ശൂര്‍ സ്വദേശിയുടെ ഖബറടക്കം ഇന്ന്

തൃശ്ശൂര്‍: സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ച തൃശ്ശൂര്‍ സ്വദേശിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ചാവക്കാട് സ്വദേശി ഖദീജകുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെ ആറരയോടെ ആശുപത്രിയില്‍ നിന്ന് ഖബറിസ്ഥാനിലേക്ക് കൊണ്ടുപോകും.

കൊറോണ അന്താരാഷ്ട്ര പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാകും സംസ്‌കാരം. കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 73കാരി ചാവക്കാട് ആശുപത്രിയിലാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ നിന്നാണ് ഇവര്‍ കേരളത്തില്‍ എത്തിയത്. പിന്നീട് നടന്ന സ്രവ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്.

മുംബൈയില്‍ നിന്ന് വന്ന ഇവര്‍ക്ക് നേരത്തെ പ്രമേഹവും രക്താതിസമ്മര്‍ദ്ദവും ശ്വാസതടസ്സവുമുണ്ടായിരുന്നുവെന്നും ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതെന്നുമാണ് വിവരം. സ്ഥിതി ഗുരുതരമായതിനാല്‍ ഇവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനിരിക്കെയാണ് മരണം സംഭവിച്ചത്.

ഖദീജകുട്ടിയുടെ മകന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ ക്വാറന്റീനിലാണ്. കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവര്‌ക്കൊപ്പം വന്നവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Exit mobile version