ഒരു കാര്യത്തില്‍ ഞാന്‍ ഭാഗ്യവാന്‍ ആണ്, ഭൂമിയിലെ മാലാഖയോടൊപ്പം കുറച്ചകാലം ഒന്നിച്ച് ജീവിക്കാന്‍ പറ്റിയില്ലേ; ഹൃദയം തൊട്ട് സജീഷിന്റെ കുറിപ്പ്

കോഴിക്കോട്: നഴ്‌സ് ലിനിയുടെ വേര്‍പാടിന് ഇന്നേക്ക് രണ്ടാംവയസ്സ്. നൊമ്പരത്തോടെയും എന്നാല്‍ അതിലേറെ സ്‌നേഹത്തോടെയും മലയാളികള്‍ ഓര്‍ക്കുന്ന പേരാണ് സിസ്റ്റര്‍ ലിനിയുടേത്. കേരളത്തെ ആകെ ആശങ്കയിലാക്കിയ നിപ്പ വൈറസിനോട് സ്വന്തം ജീവന്‍ പോലും മറന്ന് പൊരുതി സിസ്റ്റര്‍ ലിനി ചെയ്ത സേവനങ്ങള്‍ മറക്കാന്‍ അങ്ങനെ മലയാളികള്‍ക്കാര്‍ക്കുമാവില്ല.

ഭാര്യയും തന്റെ രണ്ട് മക്കളുടെ അമ്മയുമായ ലിനിയുടെ വേര്‍പാടിന്റെ രണ്ടാം വര്‍ഷത്തില്‍ ലിനിയെ ഓര്‍ക്കുകയാണ് ഭര്‍ത്താവ് സജീഷ്. നീ പകര്‍ന്ന് നല്‍കിയ കരുതലും നീ കാണിച്ച ആത്മസമര്‍പ്പണവും മാതൃകയും കൊവിഡിന്റെ മുന്നിലും ഞങ്ങള്‍ക്ക് ധൈര്യം നല്കുന്നുവെന്ന് സജീഷ് പറയുന്നു.

ഫേസ്ബുക്കിലാണ് ലിനിയുടെ ഓര്‍മ്മദിനത്തില്‍ തന്റെ പ്രിയ ഭാര്യയെക്കുറിച്ച് സജീഷ് കുറിച്ചത്. നീ അവസാനം കുറിച്ചിട്ട വാക്കുകള്‍ ഞങ്ങള്‍ക്കുളള ജീവിതമാണ്. റിതുലും സിദ്ധാര്‍ത്ഥും എല്ലാം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നുവെന്നും രണ്ട് പേരും നിന്റെ ആഗ്രഹം പോലെ ഗള്‍ഫില്‍ പോയി സന്തോഷത്തോടെ തിരിച്ച് വന്നുവെന്നും സജീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഭൂമിയിലെ മാലാഖയോടൊപ്പം കുറച്ചകാലം ഒന്നിച്ച് ജീവിക്കാന്‍ പറ്റിയതില്‍ താന്‍ ഭാഗ്യവാനാണെന്നും സജീഷ് പറയുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് താന്‍ ജീവനെപ്പോലെ സ്‌നേഹിക്കുന്ന ഭര്‍ത്താവ് സജീഷിനേയും കുഞ്ഞുമക്കളേയും ഒരുനോക്ക് കാണാന്‍ പോലുമാകാത്ത അവസ്ഥയിലും ധൈര്യം കൈവിടാതെ, കുഞ്ഞുമക്കളെ നന്നായി നോക്കണമെന്നും ഇനി തമ്മില്‍ കാണാന്‍ കഴിയില്ലെന്നും സൂചിപ്പിച്ചുകൊണ്ട് ലിനി എഴുതിയ വാചകങ്ങള്‍ ഓരോ മലയാളിയുടേയും മനസില്‍ നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മകളായി ഇന്നും നില്‍ക്കുകയാണ്.

സജീഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ലിനി….
നിന്റെ വേര്‍പാടിന് ഇന്ന് രണ്ട് വയസ്സ്
ലോകം ഇന്ന് മറ്റൊരു വൈറസിനോട് പൊരുതികൊണ്ടിരിക്കുകയാണ്.
നീ പകര്‍ന്ന് നല്‍കിയ കരുതല്‍
നീ കാണിച്ച ആത്മസമര്‍പ്പണം
നീ കാണിച്ച മാതൃക
ഇന്നീ കോവിഡിന്റെ മുന്‍പിലും ഞങ്ങള്‍ക്ക് ധൈര്യം നല്‍കുന്നു.
നീ അവസാനം കുറിച്ചിട്ട വാക്കുകള്‍ ഞങ്ങള്‍ക്കുളള ജീവിതമാണ്. റിതുലും സിദ്ധാര്‍ത്ഥും എല്ലാം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. രണ്ട് പേരും നിന്റെ ആഗ്രഹം പോലെ ഗള്‍ഫില്‍ പോയി സന്തോഷത്തോടെ തിരിച്ച് വന്നു.
ഒരു കാര്യത്തില്‍ ഞാന്‍ ഭാഗ്യവാന്‍ ആണ്
ഭൂമിയിലെ മാലാഖയോടൊപ്പം കുറച്ചകാലം ഒന്നിച്ച് ജീവിക്കാന്‍ പറ്റിയതിന്.
മരിക്കുകയില്ല നീ ലിനി….

Exit mobile version