എസ്എസ്എല്‍സി ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവയ്ക്കില്ല; ഒരു ഭീതിക്കും അടിസ്ഥാനമില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്എസ്എല്‍സി ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി തള്ളി. പരീക്ഷ നടത്താനുള്ള സാഹചര്യം കേരളത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് പരീക്ഷ നടത്തുന്നത്. ഒരു ഭീതിക്കും അടിസ്ഥാനമില്ല. ക്വാറന്റീനിലിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു പരീക്ഷ എഴുതാന്‍ ആവശ്യമായ ക്രമീകരണം ഒരുക്കും. വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ആശങ്കയുണ്ടാകേണ്ട ആവശ്യമില്ലെന്നും ജില്ലകളില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷക്കെത്താനുള്ള ഗതാഗത സൗകര്യം ആവശ്യമെങ്കില്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്ര നിര്‍ദേശം മറികടക്കുകയല്ല, കേരളത്തില്‍ ഇപ്പോള്‍ പരീക്ഷ നടക്കാനുള്ള അവസ്ഥയുണ്ടായതു കൊണ്ടാണ് പരീക്ഷ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും എല്ലാവരും പരീക്ഷക്ക് തയ്യാറെടുക്കണമെന്നും നല്ല രീതിയില്‍ പരീക്ഷ എഴുതണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെയ് 26 മുതലാണ് മുടങ്ങിക്കിടക്കുന്ന പരീക്ഷകള്‍ ആരംഭിക്കുന്നത്. ഗള്‍ഫ് മേഖലയില്‍ പരീക്ഷ സെന്ററുകള്‍ ഒരുക്കാന്‍ ശ്രമിക്കും. ബുദ്ധിമുട്ട് നേരിട്ടാല്‍ അവിടങ്ങളിലെ പരീക്ഷകള്‍ മാറ്റിവയ്‌ക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version