സംഘി നുണ ഫാക്ടറികള്‍ ലോക്ക് ഡൗണ്‍ ക്ഷീണം വിട്ട് പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജരായി, ജനവും ജന്മഭൂമിയും സൈബര്‍ നുണയാളികളും വീണ്ടും പണി തുടങ്ങി; തുറന്നടിച്ച് എംബി രാജേഷ്

തിരുവനന്തപുരം: സിപിഎം നേതാവ് എംബി രാജേഷിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടന്നുകൊണ്ടിരിക്കുകയാണ്. ” കേരളം വാതില്‍ തുറക്കില്ല. സി.പി.എമ്മിന്റെ കൊടികുത്തല്‍ നയവുമായി എം.ബി.രാജേഷ് ‘ എന്ന ഒരു പോസ്റ്റര്‍ സൃഷ്ടിച്ച് വാട്‌സ് ആപ് വഴി ആസൂത്രിതമായി പ്രചരിപ്പിക്കുന്നുണ്ട്.

ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് എംബി രാജേഷ് ഇപ്പോള്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു എംബി രാജേഷിന്റെ പ്രതികരണം. സംഘി നുണ ഫാക്ടറികള്‍ ലോക്ക് ഡൗണ്‍ ക്ഷീണം വിട്ട് പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജരായിരിക്കുന്നു. ജനവും ജന്മഭൂമിയും സൈബര്‍ നുണയാളികളും വീണ്ടും പണി തുടങ്ങിയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

യു.പി.യുടെ വഴിയല്ല കേരളത്തിന്റേതെന്നും സ്ത്രീ തൊഴിലാളികളുടെ പ്രസവാനുകൂല്യം വരെ റദ്ദാക്കി കുത്തകകള്‍ക്ക് വാതില്‍ തുറന്നിടുന്ന യുപിയില്‍ നിന്ന് കേരളത്തിന് ഒരു ചുക്കും പഠിക്കാനില്ല എന്നാവര്‍ത്തിക്കുന്നുവെന്നും എംബി രാജേഷ് തുറന്നടിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ദാ സംഘി നുണ ഫാക്ടറികള്‍ ലോക്ക് ഡൗണ്‍ ക്ഷീണം വിട്ട് പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജരായിരിക്കുന്നു. ജനവും ജന്മഭൂമിയും സൈബര്‍ നുണയാളികളും വീണ്ടും പണി തുടങ്ങി.” കേരളം വാതില്‍ തുറക്കില്ല. സി.പി.എമ്മിന്റെ കൊടികുത്തല്‍ നയവുമായി എം.ബി.രാജേഷ് ‘ എന്ന ഒരു പോസ്റ്റര്‍ സൃഷ്ടിച്ച് വാട്‌സ് ആപ് വഴി ആസൂത്രിതമായി പ്രചരിപ്പിക്കുന്നുണ്ട്. അഴിമുഖത്തിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖമാണ് സംഘി നുണയാളികള്‍ വളച്ചൊടിച്ചിരിക്കുന്നത്. ഇന്റര്‍വ്യുവിലെ എന്റെ യഥാര്‍ത്ഥ ഉത്തരം ഇതായിരുന്നു.

‘….. പക്ഷേ അതു മാത്രം പോരല്ലോ. കോവിഡിനെ ഇന്ത്യ, പ്രത്യേകിച്ച് കേരളം എങ്ങനെ കൈകാര്യം ചെയ്തു എന്ന അനുഭവം നമ്മുടെ മുന്നിലുണ്ട്. ലോക്ക് ഡൗണ്‍പ്രഖ്യാപിച്ചിട്ട് പോലും 132 ഇരട്ടിയായി രോഗവ്യാപനം കൂടുകയായിരുന്നു ഇന്ത്യയില്‍ .നമ്മുടെ സിസ്റ്റം എത്ര ദുര്‍ബ്ബലമാണ് എന്ന് കൂടിയാണ് ഇത് കാണിക്കുന്നത്. അതേ സമയം ലോകത്തിലെ ഏറ്റവും സേഫ് ആയ സ്ഥലം എന്ന പ്രതിഛായ സൃഷ്ടിക്കാന്‍ കേരളത്തിന് സാധിച്ചു.ഏറ്റവും ഭംഗിയായി കോവിഡിനെ നേരിട്ട ഒരു പ്രദേശം, ഏറ്റവും മികച്ച സിസ്റ്റം പ്രവര്‍ത്തിക്കുന്ന സ്ഥലം എന്നുള്ളത് കേരളത്തിന്റെ അഡ്വാന്റേജ് ആണ്. ഒപ്പം കേരളത്തിന് മനുഷ്യവിഭവശേഷിയെന്ന മറ്റൊരു മികവു കൂടി മറ്റ് സംസ്ഥാനങ്ങളേക്കാളുമുണ്ട്. ഈ മികവുകൊണ്ട് ആധുനിക വ്യവസായങ്ങളുടെ നിക്ഷേപ കേന്ദ്രമാവാനും സാധിക്കും. പക്ഷേ ഇവര്‍ ചെയ്യുന്നതുപോലെ തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കിയും ഇഷ്ടം പോലെ ചൂഷണം ചെയ്യാനുള്ള അവസരം ഒരുക്കിയും അങ്ങനെ വാതില്‍ തുറന്നിടാന്‍ കേരളം ഉദ്ദേശിക്കുന്നില്ല. ഇടതുപക്ഷ ഗവണ്‍മെന്റ് ഒരിക്കലും അത് ചെയ്യില്ല. അല്ലാതെ തന്നെ അനുകുല ഘടകങ്ങള്‍ ധാരളമായി കേരളത്തിനുണ്ട്.

.
…. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ രാജ്യത്തെ വ്യവസായ വളര്‍ച്ചാ സൂചിക മിക്കവാറും സമയം നെഗറ്റീവ് ആയിരുന്നു.എന്നാല്‍ കേരളത്തില്‍ റെക്കോഡ് വളര്‍ച്ചയായിരുന്നു ഉണ്ടായത്. കേരളത്തില്‍ മാനുഫാക്ചറിങ്ങ് മേഖലയുടെ സംഭാവന 13 ശതമാനമായി വര്‍ദ്ധിച്ചു. മാത്രമല്ല, നിപയും ഓഖിയും രണ്ട് പ്രളയവുമെല്ലാമുണ്ടായിട്ടും ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച.7.5 ശതമാനമാണ് ഇവിടെ വളര്‍ച്ച.ഇതെല്ലാം കേരളത്തിന് അനുകൂലമായ ഘടകമാണ്.ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ച 4.8 ലേക്ക് ഇടിയുകയാണ് ചെയ്തത്.പൊതുവെ രാജ്യത്ത് ഇടിവുണ്ടായപ്പോഴും സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ച കേരളത്തിന് കൈവരിക്കാന്‍ കഴിഞ്ഞു.പ്രതിസന്ധികളെയെല്ലാം കേരളത്തിന് കൂടുതല്‍ നന്നായി മാനേജ് ചെയ്യാന്‍ പറ്റുന്നു. കേരളത്തിന്റെ വിദ്യാഭ്യാസ- ആരോഗ്യ വളര്‍ച്ച വളരെ ഉയര്‍ന്നതാണ്. കേരളത്തിലെ മനുഷ്യവിഭവ ലഭ്യത വളരെ കൂടുതലാണ്.പിന്നെ കോവിഡിനെ നേരിടുന്നതില്‍ കേരളം കൈവരിച്ച ആഗോള അംഗീകാരം. അതു തന്നെ കേരളത്തെ ഒരു ബ്രാന്‍ഡാക്കി മാറ്റി. ഇതെല്ലാം നമുക്ക് അനുകൂലമായ ഘടകങ്ങള്‍ ആണ്. ‘

ഈ ഉത്തരവും അവര്‍ വാട്‌സ് ആപ് ഫോര്‍വേര്‍ഡുകളായി പ്രചരിപ്പിക്കുന്നതും തമ്മിലുള്ള അന്തരം നേരും നുണയും തമ്മിലുള്ളതാണ്.

അവസാനമായി ഒരു കാര്യം. യു.പി.യുടെ വഴിയല്ല കേരളത്തിന്റേത്.സ്ത്രീ തൊഴിലാളികളുടെ പ്രസവാനുകൂല്യം വരെ റദ്ദാക്കി കുത്തകകള്‍ക്ക് വാതില്‍ തുറന്നിടുന്ന യുപിയില്‍ നിന്ന് കേരളത്തിന് ഒരു ചുക്കും പഠിക്കാനില്ല എന്നാവര്‍ത്തിക്കുന്നു.

Exit mobile version