കേന്ദ്രസഹമന്ത്രി മുരളീധരന് എന്തോ പ്രശ്‌നമുണ്ട്; കേന്ദ്രത്തിന്റെ പല തീരുമാനങ്ങളും അദ്ദേഹം അറിയുന്നില്ല; പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് എടുക്കുന്ന പല തീരുമാനങ്ങളും വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയുന്നില്ലെന്ന പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ പല പ്രസ്താവനകളും കാണുമ്പോൾ അത്തരതത്തിലാണ് തോന്നുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. സംസ്ഥാന സർക്കാർ മുൻകൈയെടുക്കാത്തതു കൊണ്ടാണ് പ്രവാസികളുമായുള്ള വിമാനങ്ങൾ കേരളത്തിലേക്ക് വരാത്തതെന്ന മന്ത്രിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേന്ദ്ര സഹമന്ത്രിക്ക് എന്തോ പ്രശ്‌നമുണ്ട്. കേന്ദ്ര സർക്കാരുമായി അദ്ദേഹം തന്നെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതാണ് നല്ലത്. അദ്ദേഹം കേന്ദ്രമന്ത്രി ആണെന്നത് ശരിയാണ്. പക്ഷേ കേന്ദ്രം തീരുമാനിക്കുന്ന പല കാര്യങ്ങളും അദ്ദേഹം അറിയുന്നില്ല എന്നാണ് അദ്ദേഹത്തിന്റേതായ പല പ്രസ്താവനകളും കേൾക്കുമ്പോൾ തോന്നുന്നത് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലേക്ക് ഇപ്പോൾ വിമാനങ്ങൾ വരുന്നുണ്ടല്ലോ. ഇനി വരാനുമുണ്ട്. അതെല്ലാം മുൻകൂട്ടി അറിയാൻ ബാധ്യതപ്പെട്ടയാളാണല്ലോ അദ്ദേഹം. സംസ്ഥാനം പറഞ്ഞിട്ടാണോ അദ്ദേഹം അത് അറിയേണ്ടതെന്നും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിന് ഒരു പരിധി വേണ്ടെയെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു.

Exit mobile version