ലോക്ക്ഡൗൺ കാലത്ത് ഡ്യൂട്ടിക്ക് എത്താത്ത സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ ശമ്പളം പിടിക്കാൻ നിർദേശം; ജീവനക്കാർക്ക് അതൃപ്തി

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് ജോലിക്ക് ഹാജരാകാത്ത സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ ശമ്പളം പിടിക്കാൻ പൊതുഭരണ വകുപ്പിന്റെ നിർദേശം. സെക്രട്ടേറിയേറ്റിൽ ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ നിർദേശം. അതേസമയം, ജോലിക്ക് ഹാജരാകാൻ സാധിക്കാത്ത തരത്തിലുള്ള ലോക്ക് ഡൗൺ കാലത്തെ ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയും മറ്റു തടസങ്ങളും പരിഗണിക്കാത്തതിൽ ജീവനക്കാർക്ക് അതൃപ്തിയുണ്ട്.

ലോക്ക് ഡൗൺ പരിഗണിച്ച് 50 ശതമാനം ഗസറ്റഡ് ഓഫീസർമാരും 33 ശതമാനം നോൺ ഗസ്റ്റഡ് ജീവനക്കാരും ഹാജരായാൽ മതിയെന്നാണ് നേരത്തെ പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്. എന്നാൽ അനുവദിക്കപ്പെട്ട ഈ പരിധിയിൽ പോലും ജീവനക്കാർ സെക്രട്ടറിയേറ്റിൽ ഹാജരാകുന്നില്ലെന്നാണ് പൊതുഭരണവകുപ്പിന്റെ നിഗമനം. ഈ സാഹചര്യത്തിലാണ് ഈ മാസം ഒന്നു മുതൽ ഹാജർ നില പരിശോധിച്ച് ആനുപാതികമായ ഹാജരില്ലെങ്കിൽ ശമ്പളം പിടിക്കാൻ നടപടി എടുക്കാൻ പൊതുഭരണവകുപ്പ് ധനവകുപ്പിന് മുന്നിൽ നിർദേശം വെച്ചിരിക്കുന്നത്. പഞ്ചിങ് ഇല്ലാത്തതിനാൽ ഇ ഫയൽ ലോഗിൻ അടിസ്ഥാനമാക്കി ഹാജർ കണക്കാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

എന്നാൽ പൊതുഭരണവകുപ്പിന്റെ നടപടി പ്രായോഗികമല്ലെന്നാണ് ജീവനക്കാർ പറയുന്നത്. പൊതുഗതാഗത സംവിധാനമില്ലാത്തതിനാൽ പല ദിവസങ്ങളിലും ജില്ലയുടെ വിദൂരഭാഗങ്ങളിലുള്ളവർക്ക് ഹാജരാകാൻ പറ്റിയിട്ടില്ല. മാത്രമല്ല മറ്റു ജില്ലകളിൽ എത്തിപ്പെട്ടവർക്ക് യാത്ര ചെയ്യാനും കഴിഞ്ഞിരുന്നില്ല. ഇ ഫയൽ ലോഗിൻ മാത്രം പരിഗണിച്ചാൽ സെക്രട്ടറിയേറ്റിൽ വന്നവർക്ക് പോലും ഹാജർ ലഭിക്കുന്നില്ലെന്നും ജീവനക്കാർ പറയുന്നു.

Exit mobile version