വന്ദേഭാരത് മിഷന്‍; 180 പ്രവാസികളുമായി കണ്ണൂരില്‍ ആദ്യവിമാനം ഇന്നിറങ്ങും

കണ്ണൂര്‍: 180 പ്രവാസികളുമായി കണ്ണൂരില്‍ ഇന്ന് ആദ്യവിമാനം ഇറങ്ങും. ദുബായിയില്‍ നിന്നും വരുന്ന വിമാനത്തില്‍ അഞ്ച് ജില്ലകളില്‍ നിന്നുള്ളവരുണ്ട്. യാത്രക്കാരുടെ പരിശോധന അടക്കം എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ ഭരണകൂടം അറിയിച്ചു.

വൈകീട്ട് 7.10നാണ് ദുബായിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ്ങ് 737 വിമാനം കണ്ണൂരിലിറങ്ങുക. വിമാനത്തിലെ 180 യാത്രക്കാരില്‍ 109 പേരും കണ്ണൂര്‍ സ്വദേശികളാണ്. 47 പേര്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരാണ്. സാമൂഹിക അകലം പാലിച്ച് 20 പേര്‍ വീതമുള്ള സംഘമായാണ് വിമാനത്തില്‍ നിന്നും യാത്രക്കാരെ ഇറക്കുക. തുടര്‍ന്ന് ഇവര്‍ക്ക് റാപ്പിഡ് ടെസ്റ്റ് നടത്തും. ഇതിനായി വിമാനത്താവളത്തില്‍ അഞ്ച് മെഡിക്കല്‍ ഡെസ്‌ക്കുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

രോഗലക്ഷണങ്ങള്‍ ഉള്ളവരെ പ്രത്യേക വഴിയിലൂടെ ആംബുലന്‍സില്‍ ആശുപത്രികളിലേക്ക് മാറ്റും. വിവരശേഖരണത്തിനും ക്വാറന്റീന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി പത്ത് ഹെല്‍പ്പ് ഡെസ്‌ക്കുകളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. യാത്രക്കാരുടെ ബാഗേജുകളും ഹാന്‍ഡ് ബാഗുകളും പൂര്‍ണമായും അണുവിമുക്തമാക്കും. യാത്രക്കാരെ കൊണ്ടുപോവുന്നതിനായി കെഎസ്ആര്‍ടിസി ബസ് ഒരുക്കിയിട്ടുണ്ട്.
വീടുകളില്‍ നീരിക്ഷണത്തില്‍ കഴിയേണ്ട ഗര്‍ഭിണികള്‍, പ്രായമായവര്‍, കുട്ടികള്‍ എന്നിവര്‍ക്ക് പോകാന്‍ പെയ്ഡ് ടാക്‌സി സൗകര്യവും അധികൃതര്‍ വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്.

Exit mobile version