ഞാന്‍ ബിജെപിയും അല്ല, സങ്കിയുമല്ല, യഥാര്‍ത്ഥ കമ്മ്യൂണിസത്തിന്റെ കടുത്ത വിശ്വാസി, ഏഷ്യാനെറ്റ് ന്യൂസ് ചെയ്തത് വര്‍ഗീയ ലഹളകള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള തികച്ചും തെറ്റിദ്ധാരണ പരത്തുന്ന മ്ലേച്ഛകരമായ മാധ്യമ പ്രവര്‍ത്തനം; പ്രതികരണവുമായി ഗോകുല്‍ സുരേഷ്

തൃശ്ശൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് 5 കോടി രൂപ സംഭാവന നല്‍കിയ സംഭവത്തില്‍ നടന്‍ ഗോകുല്‍ സുരേഷ് പ്രതികരിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഇത് പിന്നീട് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരുന്നത്.

അമ്പലമാണെങ്കിലും ക്രിസ്ത്യന്‍ പളളിയാണെങ്കിലും ഇത് തെറ്റാണ്, ക്രിസ്ത്യന്‍ പള്ളിയില്‍ നിന്നോ, മുസ്ലിം പള്ളിയില്‍ നിന്നോ അവര്‍ (ഗവണ്‍മെന്റ്), എടുത്തിരുന്നോ എന്നായിരുന്നു ഗോകുല്‍ സുരേഷ് ഗോപിയുടെ പോസ്റ്റ്. പോസ്റ്റ് വലിയ വിവാദമായി മാറി. വിമര്‍ശനങ്ങളും ഉയര്‍ന്നു.

ഇതിന് പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഗോകുല്‍ സുരേഷ്. പള്ളികളില്‍നിന്നും അമ്പലങ്ങളില്‍നിന്നും പൈസ ആവശ്യപ്പെടുന്നത് ഉചിതമല്ലെന്ന് എനിക്ക് തോന്നി. ഇതാണ് എന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഞാന്‍ കുറിച്ചതിന്റെ കാതലെന്ന് ഗോകുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

വര്‍ഗീയ ലഹളകള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള തികച്ചും തെറ്റിദ്ധാരണ പരത്തുന്ന മ്ലേച്ഛകരമായ മാധ്യമ പ്രവര്‍ത്തനം. ഏഷ്യാനെറ്റ് ന്യൂസിനോടും ഇവ പ്രസിദ്ധികരിച്ച ആളുകളോടും, നിങ്ങള്‍ സ്വന്തം ധര്‍മത്തെ കളങ്കപെടുത്തുകയും ചതിക്കുകയുമാണ് ചെയ്യുന്നത്. നിങ്ങള്‍ക്ക് തോന്നും വിധം ആവിഷ്‌കരണം ചെയ്യാന്‍ കഴിയുന്നതല്ല എന്റെ ആശയങ്ങളെ.ക്രിസ്ത്യാനിയോ മുസ്ലിമോ ഹിന്ദുവോ ഏത് മതക്കാരനോ ആയിക്കൊള്ളട്ടെ, അവരവരുടെ ആരാധനാലയങ്ങള്‍ ഒരു വല്യ വിഭാഗത്തിന് അന്നം കൊടുക്കുകയും വിശക്കുന്നവന് ആഹാരം നല്‍കുകയും വീടില്ലാത്തവന് കൂര കൊടുക്കുകയും ചെയുന്നു. ആരാധനാലയങ്ങളുടെ നടത്തിപ്പിനുള്ള ചിലവുകള്‍ക്ക് പുറമെയാണ് ഇതിനൊക്കെ അവര്‍ പൈസ കണ്ടെത്തുന്നത്. എന്നാലും അവര്‍ക്ക് (Hindu, Muslim, Christian) ആരോടും പരാതിയില്ല.

അവരോട് തിരിച്ചും കടപ്പെട്ടിരിക്കേണ്ടത് നമ്മുടെ കടമയല്ലേ. എന്നിട്ടും പള്ളികളില്‍നിന്നും അമ്പലങ്ങളില്‍നിന്നും പൈസ ആവശ്യപ്പെടുന്നത് ഉചിതമെലെന്ന് എനിക്ക് തോന്നി. ഇതാണ് എന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഞാന്‍ കുറിച്ചതിന്റെ കാതല്‍. ഹിന്ദുക്കളില്‍ നിന്നോ അമ്പലങ്ങളില്‍ നിന്നോ മാത്രമല്ല ഏത് മതത്തിന്റെയും ആരാധനാലയങ്ങളില്‍ നിന്നും പൈസ ആവശ്യപ്പെടുന്നത് നന്നല്ല എന്നാണ് ഞാന്‍ കുറിച്ചത്.
ഇതിന്റെ പേരില്‍ എനിക്കെതിരെ വന്ന കമെന്റുകളില്‍ (ഭൂരിഭാഗവും വ്യാജ പ്രൊഫൈലുകള്‍) നിന്ന് തന്നെ മനസിലാകും പലര്‍ക്കും പദാവലിയില്‍ വല്യ ഗ്രാഹ്യമില്ലെന്ന്. പലരും ചിലയിടങ്ങളില്‍ എന്റെ അച്ഛന്‍ വര്‍ഗീയവാദിയാണെന്ന് ആരോപിക്കുന്നു മറ്റ് ചിലയിടങ്ങളില്‍ വര്‍ഗീയവാദിയല്ലെന്ന് പറയുന്നു. എവിടുന്നാണ് ഇത്തരം കാര്യങ്ങള്‍ പ്രചരിക്കപ്പെടുന്നത്? എന്താണ് ഇതിന്റെയൊക്കെ ഉദ്ദേശവും ലക്ഷ്യവും?

ഞാന്‍ ബിജെപിയും അല്ല, സങ്കിയുമല്ല എന്നാല്‍ സഖാവ് ഇ.കെ. നയനാറിന്റെയും സഖാവ് വി.എസ്. അച്യുതാനന്ദന്റെയും കാലങ്ങളില്‍ നിലനിന്നിരുന്ന യഥാര്‍ത്ഥ കമ്മ്യൂണിസത്തിന്റെ കടുത്ത വിശ്വാസിയാണ്. കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഞാന്‍ കഴിയും വിധം ഏഷ്യാനെറ്റ് ന്യൂസിന്റെ പോര്‍ട്ടലില്‍ വ്യക്തിപരമായി പലര്‍ക്കും കമെന്റിന് റിപ്ലൈ കൊടുത്തിരുന്നു. എന്നാല്‍ ഏഷ്യാനെറ്റിന്റെ ഭാഗത്ത് നിന്ന് അവ ഡിലീറ്റ് ചെയ്യുന്നത് തികച്ചും നാണംകെട്ട പരിപാടിയാണ്.
ഇതൊക്കെ കണ്ട് അവര്‍ ആസ്വദിക്കുന്നു എന്നൊരു തോന്നല്‍. ആരുടെയെങ്കിലും മതപരമായ ആശയങ്ങളെ ഞാന്‍ വാക്കുകളിലൂടെ വേദനിപ്പിച്ചുവെങ്കില്‍ ക്ഷമ ചോദിക്കുന്നു. നിങ്ങള്‍ മാധ്യമങ്ങളിലൂടെ വായിച്ചതും അറിഞ്ഞതും തെറ്റും അടിസ്ഥാനരഹിതവും എന്റെ അറിവോടെ സംഭവിച്ച കാര്യങ്ങളുമല്ല. ഈ കാലത്ത് മാധ്യമങ്ങള്‍ അങ്ങേയറ്റം കാപട്യം നിറഞ്ഞതും വിശ്വാസയോഗ്യമല്ലാത്തവയുമായി മാറിയെന്നും വളരെ വിഷമത്തോടെ തന്നെ മനസിലാക്കുന്നു!

Exit mobile version