കടുവയുടെ ആക്രമണത്തിന് സാധ്യത; തണ്ണിത്തോട് പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ നിരോധനാജ്ഞ

പത്തനംതിട്ട: പത്തനംതിട്ടയില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ പത്തനംതിട്ട കോന്നി താലൂക്കില്‍ തണ്ണിത്തോട് പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തണ്ണിത്തോട് പഞ്ചായത്തിലെ ഒന്നാം വാര്ഡ് അഞ്ചുകുഴി, രണ്ടാം വാര്ഡ് പഞ്ചായത്തുപടി എന്നീ പ്രദേശങ്ങളിലാണ് ക്രിമിനല് നടപടിക്രമം വകുപ്പ് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
ജില്ലാ കളക്ടര്‍ പിബി നൂഹാണ് ഇക്കാര്യം അറിയിച്ചത്.

ഇവിടങ്ങളില്‍ നാലില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടുകയോ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കാനോ പാടില്ല. ഉത്തരവിന് മെയ് 15ന് അര്‍ധരാത്രിവരെ പ്രാബല്യം ഉണ്ടായിരിക്കും. അതെസമയം കടുവയെ പിടികൂടുന്നതിനായി കടുവ യുവാവിനെ ആക്രമിച്ച് കൊന്ന സ്ഥലത്ത് വനംവകുപ്പ് കൂടുകള്‍ സ്ഥാപിച്ചു.

ഡ്രോണ്‍ നിരീക്ഷണം ശക്തിപ്പെടുത്തി കടുവയ്ക്കായി തെരച്ചില്‍ ശക്തിപ്പെടുത്തും. സായുധരായ പോലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സംയുക്തമായി സുരക്ഷ ശക്തമാക്കും. കടുവയെ കാണപ്പെട്ട സ്ഥലത്തിന്റെ സമീപ വാര്‍ഡുകളിലെ പഞ്ചായത്തംഗങ്ങളെ ഉള്‍പ്പെടുത്തി ഇതുവരെ ഉണ്ടായിട്ടുള്ള സംഭവങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കും. കടുവ ഇറങ്ങിയതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കേസ് എടുക്കുന്നതിനും കണ്ട്രോള്‍ റും തുറക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പത്തനംതിട്ടയില്‍ പുലിയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഇടുക്കി കഞ്ഞിക്കുഴി വടക്കേതില്‍ ബിനീഷ് മാത്യുവാണ് (36) മരിച്ചത്. കോന്നി തണ്ണിത്തോട് പ്ലാന്റെഷനില്‍ സി ഡിവിഷനില്‍ മേടപ്പാറയിലായിരുന്നു സംഭവം. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ മരങ്ങള്‍ ലീസിനെടുത്ത് ടാപ്പിങ് നടത്തുന്നയാളാണ് ബിനീഷ് മാത്യു. വ്യാഴാഴ്ച പകല്‍ രാവിലെ 11 മണിയോടെ ടാപ്പിങ് നടത്തുന്നതിന് ബിനീഷ് സി ഡിവിഷനില്‍പ്പെട്ട മേഖലയില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം.

പുല്‍പ്പടര്‍പ്പുകള്‍ മൂടിയ പ്രദേശത്ത് പതുങ്ങിയിരുന്ന പുലി ബിനീഷിനെ ആക്രമിക്കുകയായിരുന്നു. ബിനീഷിന്റെ ദേഹത്തെക്ക് ചാടി വീണ പുലി കഴുത്തില്‍ കടിക്കുകയായിരുന്നു. തുടര്‍ന്ന് ബിനീഷിനെ കഴുത്തില്‍ കടിച്ചു പിടിച്ചു വലിച്ചു കൊണ്ട് പോകാന്‍ ശ്രമിച്ചെങ്കിലും മറ്റുള്ള തൊഴിലാളികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് പുലി കടന്നു കളഞ്ഞു.

Exit mobile version