സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 25 ആയി കുറഞ്ഞു; 56 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: കൊവിഡില്‍ നിന്ന് കരകയറി കേരളം. ഇന്ന് 5 പേര്‍കൂടി കൊവിഡ് മുക്തി നേടിയതോടെ സംസ്ഥാനത്ത് 25 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. ഇതോടെ കൊവിഡ് മുക്തരായവരുടെ എണ്ണം 474 ആയി ഉയര്‍ന്നു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടേയും കാസര്‍ഗോഡ് ജില്ലയിലെ 2 പേരുടേയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്.

കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ സംസ്ഥാനത്തെ 56 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. സംസ്ഥാനത്ത് നിലവില്‍ ആകെ 33 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 16,693 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 16,383 പേര്‍ വീടുകളിലും 310 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 131 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇതുവരെ 35,171 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 34,519 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3035 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 2337 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

Exit mobile version