ആംബുലന്‍സിന് വരാന്‍ വഴിയില്ല; സ്വന്തം വീടിന്റെ മതില്‍ തകര്‍ത്ത് വഴിയൊരുക്കി, നാടിന്റെ ഹീറോയായി രാജേഷ്, അഭിനന്ദന പ്രവാഹം

കോട്ടയം: മഹാപ്രളയം, ഓഖി ചുഴലിക്കാറ്റ്, മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ തുടങ്ങി നാടിനെ നടുക്കിയ ദുരന്തങ്ങളിലും നന്മയും മനുഷ്യസ്‌നേഹവും മുഴുകെ പിടിച്ച് പോരാട്ടം തുടര്‍ന്നവരാണ് മലയാളികള്‍. ഇപ്പോള്‍ കൊവിഡ് മഹാമാരിയിലും കേരളം ഒറ്റക്കെട്ടായി പൊരുതുകയാണ്. ഇവിടെയും മനുഷ്യത്വത്തിന്റെ മുഖകളും നന്മമനസുകളെയും പലപ്പോഴായി നാം കണ്ടു.

ഇപ്പോള്‍ മറ്റൊരു നന്മയുടെ മുഖമായി മാറിയിരിക്കുകയാണ് ഇരവിനല്ലൂര്‍ പുത്തന്‍പുരയില്‍ 37 കാരനായ രാജേഷ് ചെല്ലപ്പന്‍. വഴിയില്ലാതെ കുടുങ്ങി കിടന്ന ആംബുലന്‍സിന് തന്റെ വീടിന്റെ മതില്‍ പൊളിച്ചാണ് രാജേഷ് മാതൃകയായത്. കൊവിഡ് സ്ഥിരീകരിച്ച ആളുമായ എത്തിയ ആംബുലന്‍സാണ് വഴിയില്ലാതെ ഇടവഴിയില്‍ കുടുങ്ങിയത്.

പിന്നെ മറുത്തൊന്നും ചിന്തിക്കാതെ രാജേഷ് സ്വന്തം വീടിന്റെ മതില്‍ പൊളിക്കുകയായിരുന്നു. എങ്ങനെയും രോഗിയെ ആശുപത്രിയില്‍ എത്തിക്കണമെന്ന് മാത്രമായിരുന്നു രാജേഷിന്റെ ചിന്ത. നാല് ദിവസം മുന്‍പ് നടന്ന സംഭവം ഇപ്പോഴാണ് പുറംലോകം അറിയുന്നത്. നാട്ടകത്തു നിന്നു കോവിഡ് രോഗിയുമായി വേലംകുന്ന് റോഡിലൂടെ വരികയായിരുന്നു ആംബുലന്‍സ്. രാജേഷിന്റെ വീട്ടു പടിക്കല്‍ എത്തിയതോടെ ആംബുലന്‍സ് റോഡിനും വീടിന്റെ മതിലിന്റെയും ഇടയില്‍ കുടുങ്ങിയ നിലയിലായി. ഉടനടി വെട്ടുകല്ലും ഹോളോബ്രിക്‌സും കൊണ്ടു നിര്‍മിച്ച മതില്‍ നിമിഷനേരം കൊണ്ടു പൊളിച്ചുനീക്കുകയായിരുന്നു.

രാജേഷിന്റെ നല്ല മനസിന് നാട് ഒന്നാകെ നന്ദി പറഞ്ഞു. ഇപ്പോള്‍ നാടിന്റെ ഹിറോയായി മാറിയിരിക്കുകയാണ് രാജേഷ്. വീടിന്റെ മതില്‍ പോയാല്‍ എന്താ നാട് ഒന്നാകെ രാജേഷില്‍ കടപ്പെട്ടും നന്ദി പറഞ്ഞും ഹീറോയും ആക്കിയതില്‍ ഭാര്യ ആശയ്ക്കും മക്കളായ ആര്യനന്ദയ്ക്കും അര്‍പ്പിതിനും വലിയ സന്തോഷം നിറഞ്ഞു. ഇപ്പോള്‍ സോഷ്യല്‍മീഡിയയും രാജേഷിന്റെ നന്മ പ്രവര്‍ത്തിക്ക് കൈയ്യടിക്കുകയാണ്.

Exit mobile version