കോവിഡ് ബാധിതനായിരിക്കെ ആത്മഹത്യ ചെയ്താലും നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: കോവിഡ് രോഗബാധിതനായിരിക്കെ അപകടം മൂലമോ വിഷം കഴിച്ചോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലോ മരണം സംഭവിക്കുന്നവര്‍ക്കും കോവിഡ് പോസിറ്റിവ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും, കോവിഡ് രോഗികള്‍ക്ക് നല്‍കി വരുന്ന എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്നും സുപ്രീം കോടതി.

കോവിഡ് ബാധിച്ച് മരണപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെ സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സെപ്റ്റംബര്‍ 23നകം ഹാജരാക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

കോവിഡ് ബാധിതനായിരിക്കെ ആത്മഹത്യ ചെയ്താല്‍ നഷ്ടപരിഹാരം നല്‍കാനാവില്ല എന്ന കേന്ദ്രനയം അംഗീകരിക്കാനാവില്ലെന്നും ഇക്കാര്യം പരിഗണിക്കണമെന്നും ജസ്റ്റിസ് എംആര്‍ ഷാ, ജസ്റ്റിസ് എഎസ് ബൊപ്പണ്ണ എന്നിവരുടെ ബെഞ്ച് പ്രസ്താവിച്ചു. ഇക്കാര്യം പരിഗണിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്.

ഞായറാഴ്ചയാണ് ഐസിഎംആര്‍ കോവിഡ് മരണവുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. കോവിഡ് മരണവുമായി ബന്ധപ്പെട്ട സത്യവാങ്മൂലം നല്‍കാന്‍ വൈകിയതില്‍ സര്‍ക്കാരിന് കോടതി താക്കീത് നല്‍കിയിരുന്നു. കോവിഡ് മരണവുമായി ബന്ധപ്പെട്ട ഉത്തരവ് വളരെക്കാലം മുമ്പ് പാസാക്കിയെന്നും നിങ്ങള്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുമ്പോഴേക്കും മൂന്നാം തരംഗവും അവസാനിക്കുമെന്നും കേന്ദ്രസര്‍ക്കാരിനോട് കോടതി പറഞ്ഞു.

Exit mobile version