കോവിഡ് രണ്ടാം തരംഗം: ഓക്സിജന്‍ ക്ഷാമം മൂലം യുപിയില്‍ ആരും മരിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍

വാരണാസി: കോവിഡ് രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ ക്ഷാമം മൂലം സംസ്ഥാനത്ത് ആരും മരിച്ചിട്ടില്ലെന്ന് യുപി സര്‍ക്കാര്‍. കോവിഡ് ബാധിച്ചു മരിച്ച 22,915 പേരില്‍ ആരുടെയും മരണ സര്‍ട്ടിഫിക്കറ്റില്‍ ഓക്സിജന്‍ ലഭിക്കാതെയാണ് മരിച്ചതെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് യുപി സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

ലെജ്സ്ലേറ്റീവ് കൗണ്‍സിലില്‍ കോണ്‍ഗ്രസ് അംഗം ദീപക് സിങ്ങിന്റെ ചോദ്യത്തിന് മറുപടിയായാണ് ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങ് ഇക്കാര്യം അറിയിച്ചത്. അതേസമയം സ്വന്തം മന്ത്രിമാര്‍ തന്നെ ഈ വിഷയം ഉന്നയിച്ചതിന്റെ വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ടോയെന്ന് ദീപക് സിങ് ചോദിച്ചു.

ഓക്സിജന്‍ ക്ഷാമം മൂലം ആളുകള്‍ മരിച്ചതായി ചൂണ്ടിക്കാണിച്ച് നിരവധി മന്ത്രിമാര്‍ സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്. ഇതിന് പുറമെ പല എംപിമാരും ഇത്തരം പരാതി ഉയര്‍ത്തിയിട്ടുണ്ട്. ഓക്സിജന്‍ ക്ഷാമം മൂലം നിരവധി മരണങ്ങളാണ് സംസ്ഥാനത്തുണ്ടായത്. സംസ്ഥാനത്താകെയുണ്ടായ ഇത്തരം മരണങ്ങളെക്കുറിച്ച് ഒരു വിവരവും സര്‍ക്കാറിനില്ലേ? ഓക്സിജന്‍ ക്ഷാമം മൂലം ജനങ്ങള്‍ ബുദ്ധിമുട്ടിയതും ശവശരീരങ്ങള്‍ ഗംഗയില്‍ ഒഴുകിനടന്നതും സര്‍ക്കാര്‍ അറിഞ്ഞില്ലേ?-ദീപക് സിങ് ചോദിച്ചു.

എന്നാല്‍ കോവിഡ് ബാധിച്ചു മരിച്ച ഒരു രോഗിയുടെ പോലും മരണ സര്‍ട്ടിഫിക്കറ്റില്‍ ഓക്സിജന്‍ ക്ഷാമം മൂലമാണ് മരിച്ചതെന്ന് രേഖപ്പെടുത്തിയിട്ടില്ല എന്നായിരുന്നു ഇതിന് മന്ത്രിയുടെ മറുപടി. കോവിഡ് കാലത്തുണ്ടായ പലമരണങ്ങളും മറ്റു കാരണങ്ങള്‍കൊണ്ടാണ്. ഓക്സിജന്‍ ക്ഷാമം ഉണ്ടായപ്പോഴെല്ലാം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഓക്സിജന്‍ എത്തിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓക്സിജന്‍ ക്ഷാമത്തെക്കുറിച്ച് സമാജ്വാദി പാര്‍ട്ടി അംഗം ഉദയ്വീര്‍ സിങ്ങും സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.

ഓക്സിജന്‍ ക്ഷാമത്തെക്കുറിച്ച് ഡോക്ടറുടെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് ആഗ്ര പരസ് ഹോസ്പിറ്റലിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തതായി അദ്ദേഹം ആരോപിച്ചു. ആശുപത്രിയിലെ പകുതി രോഗികള്‍ക്ക് മാത്രം ഓക്സിജന്‍ നല്‍കുകയും ബാക്കിയുള്ളവരെ മരിക്കാന്‍ വിടുകയുമായിരുന്നു, ഇത് ജില്ലാ മജിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരമാണ് ചെയ്തതെന്നും ഡോക്ടര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ജില്ലാ മജിസ്ട്രേറ്റും പോലീസും സംഭവത്തെക്കുറിച്ച് അന്വേഷിച്ചെന്നും മോക്ഡ്രില്ലിന്റെ ഭാഗമായാണ് ഓക്സിജന്‍ വിതരണം നിര്‍ത്തിവെച്ചത് എന്നുമായിരുന്നു മന്ത്രിയുടെ മറുപടി.

Exit mobile version