സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തി പക്ഷാഘാതം പിടിപ്പെട്ടു; മലയാളി യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെത്തിച്ചു

കൊച്ചി: യുഎഇയില്‍ സന്ദര്‍ശക വിസയിലെത്തി പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെത്തിച്ചു. പത്തനംതിട്ട ഓമല്ലൂര്‍ സ്വദേശി ശബരീഷ് ദിലീപ് (30)നെ ആണ് എയര്‍ ആംബുലന്‍സില്‍ കൊച്ചിയിലെത്തിച്ചത്. കോവിഡ് കാലത്ത് യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് എയര്‍ ട്രാന്‍സ്ഫര്‍ ചെയ്ത ആദ്യ രോഗികൂടിയാണ് ശബരീഷ്.

ജോലി അന്വേഷിച്ച് സന്ദര്‍ശകവിസയില്‍ ദുബായില്‍ എത്തിയതായിരുന്നു ശബരീഷ്.
മാര്‍ച്ച് 23 നു നാട്ടിലേക്കു മടങ്ങാനിരിക്കെയായിരുന്നു ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിയത്. ഇതിനു പിന്നാലെ ഏപ്രില്‍ 6ന് ശബരീഷിന് പക്ഷാഘാതം ഉണ്ടാവുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ശബരീഷിനെ ജീവന്‍ രക്ഷയ്ക്ക് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമായി. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ടാണ് ലക്ഷങ്ങള്‍ വരുന്ന ആശുപത്രി ബില്‍ ഒഴിവാക്കിയത്.

ഇന്ന് വെളുപ്പിനെ 1.45 ന് ശബരീഷുമായി എയര്‍ ആംബുലന്‍സ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി. അവിടുന്ന് വിദഗ്ധ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ടു രാജ്യങ്ങളിലും എയര്‍ ആംബുലന്‍സ് സര്‍വീസ് നടത്തുന്ന യൂണിവേഴ്‌സല്‍ എയര്‍ ആംബുലന്‍സാണ് ഈ മെഡിക്കല്‍ ട്രാന്‍സ്ഫര്‍ സൗകര്യമൊരുക്കിയത്. ചാര്‍ട്ടേര്‍ഡ് എയര്‍ ആംബുലന്‍സില്‍ ഒരു മെഡിക്കല്‍ ടീമിനോടൊപ്പമാണ് കൊച്ചിയിലെത്തിച്ചത്.

ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ ദുബായ് കൂട്ടായ്മയുടെ ഇടപെടലും കേന്ദ്രമന്ത്രി വി മുരളീധരന്റെ ഓഫീസു നടത്തിയ നീക്കങ്ങളുമാണ് ശബരീഷിന് പിറന്നാള്‍ ദിനത്തില്‍ പുതുജീവന്‍ സമ്മാനിച്ചത്.

Exit mobile version