യാത്രയ്ക്കിടെ പക്ഷാഘാതം: കെഎസ്ആര്‍ടിസി ബസ് റോഡരിലേക്ക് നിര്‍ത്തി 48 യാത്രക്കാരെയും സുരക്ഷിതരാക്കി; ഡ്രൈവര്‍ സിജീഷ് യാത്രയായി

കോഴിക്കോട്: യാത്രക്കാരുമായി പോകവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടും ആത്മധൈര്യം കൈവിടാതെ ബസ് റോഡരിലേക്ക് നിര്‍ത്തി 48 യാത്രക്കാരെയും സുരക്ഷിതമായി രക്ഷിച്ച കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ യാത്രയായി.

താമരശ്ശേരി കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ താമരശ്ശേരി വെഴുപ്പൂര്‍ ചുണ്ടകുന്നുമ്മല്‍ സിജീഷാണ് (കംസന്‍ 48) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിജീഷ് ഇന്ന് രാവിലെയാണ് മരിച്ചത്.

നവംബര്‍ 20ന് പുലര്‍ച്ചെ നാല് മണിയോടെ താമരശ്ശേരിയില്‍ നിന്നും സിജീഷ് ഓടിച്ച ബസ് കുന്ദംകുളത്ത് എത്തിയപ്പോഴാണ് സിജീഷിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. കടുത്ത വേദനയ്ക്കിടയിലും മനസാന്നിധ്യം വിടാതെ ബസ് നിര്‍ത്തിയ ശേഷം ഡ്രൈവര്‍ സിജീഷ് കുഴഞ്ഞു വീഴുകയായിരുന്നു. സിജേഷ് കുഴഞ്ഞ് വീണതിന് ശേഷമാണ് ബസിലുണ്ടായിരുന്ന കണ്ടക്ടറും യാത്രക്കാരും വിവരമറിഞ്ഞത്.

ഉടന്‍ തന്നെ സിജീഷിനെ കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

ബസ് ഓടിക്കവേ സിജേഷിന് പക്ഷാഘാതം സംഭവിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഗിയര്‍ മാറ്റാന്‍ പോലും കഴിയാത്ത സാഹചര്യമായിട്ടും കടുത്ത വേദനയ്ക്കിടയിലും ബസ് സുരക്ഷിതമായി നിര്‍ത്താന്‍ സിജീഷ് കാണിച്ച ആത്മധൈര്യം ഏറെ ശ്രദ്ധ നേടിയിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും അസുഖം ഭേദമായി അദ്ദേഹം വീട്ടിലെത്തിയെങ്കിലും പിന്നീട് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂന്നാറില്‍ മുമ്പുണ്ടായ മണ്ണിടിച്ചിലും സിജീഷ് ഓടിച്ച കെഎസ്ആര്‍ടിസി. ബസ് ഉള്‍പ്പെട്ടിരുന്നു. അന്നത്തെ മണ്ണിടിച്ചിലില്‍ ബസ്സിന്റെ ഗ്ലാസ് ഉള്‍പ്പെടെ തകര്‍ന്നിട്ടും സിജീഷ് സുരക്ഷിതമായി യാത്രക്കാരെ താമരശ്ശേരിലെത്തിച്ചിരുന്നു.

Exit mobile version