വരുന്ന രണ്ട് ഞായറാഴ്ചകളിൽ ലോക്ക്ഡൗൺ സമാന നിയന്ത്രണം; സ്‌കൂളുകൾ ഭാഗികമായി ഓൺലൈൻ, രാത്രികാല കർഫ്യൂ ഇല്ല

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. അടുത്ത രണ്ട് ഞായറാഴ്ചകളിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചതായാണ് മാധ്യമറിപ്പോർട്ടുകൾ. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ ശക്തമായ നിയന്ത്രണമേർപ്പെടുത്തും.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്. രോഗവ്യാപനമേഖല അടിസ്ഥാനമാക്കി വിവാഹച്ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തും. തീവ്രവ്യാപനമേഖലയില്‍ 20 പേര്‍ മാത്രം. മറ്റിടങ്ങളില്‍ 50 പേര്‍ വരെ പങ്കെടുക്കാം.

ജനുവരി 23,30 തിയതികളിലായിരിക്കും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്തുക. ഈ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രമാകും അനുവദിക്കുക. നേരത്തെ തീരുമാനിച്ചതിനു സമാനമായി ഒന്ന് മുതൽ ഒമ്പതാംക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈനായിരിക്കും ക്ലാസുകൾ. 10 മുതല്‍ പ്ലസ്ടു വരെയുള്ളവര്‍ക്കും ബിരുദം അവസാന വർഷ വിദ്യാർത്ഥികൾക്കും ഓഫ്‌ലൈനിൽ ക്ലാസുകൾ ഉണ്ടാകും.

also read- പ്രധാനമന്ത്രിയെ അവഹേളിച്ചതിന് അരുൺകുമാറിന് എതിരെ ഗവർണർക്ക് പരാതി നൽകി ബിജെപി

സർക്കാർ / സ്വകാര്യ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രണ്ടു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാർ, ക്യാൻസർ രോഗികൾ, തീവ്ര രോഗബാധിതർ എന്നിവർക്ക് വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാം. രോഗമുള്ളവർ ഡോക്‌ടർമാരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

വ്യാപാരസ്ഥാപനങ്ങൾ, മാളുകൾ, ബീച്ചുകൾ, തീം പാർക്കുകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആൾക്കൂട്ടം ഉണ്ടാവുന്നില്ലെന്നും കൊവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. ഇവിടങ്ങളിൽ നിശ്ചിത മീറ്ററിനകത്ത് സാനിറ്റൈസർ ലഭ്യമാക്കണം. ഡിസാസ്റ്റർ മാനേജ്മെന്റ് ഫണ്ടിൽനിന്ന് 22 കോടി രൂപ ജില്ലകൾക്ക് അനുവദിച്ചിട്ടുണ്ട്.

സിറ്റിങ് മണ്ഡലത്തിൽ വോട്ട് ചോദിച്ചെത്തി; യുപി എംഎൽഎയെ ആട്ടിയോടിച്ച് നാട്ടുകാർ; വീഡിയോ വൈറൽ

രാത്രികാല കർഫ്യൂവേണ്ടെന്നും അവലോകന യോഗം തീരുമാനിച്ചു. ജില്ലകളെ തരംതിരിച്ച് നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണവും ആശുപത്രി സൗകര്യവും പരിഗണിച്ചാണ് ജില്ലകളെ തരംതിരിക്കുക.

ആശുപത്രികളിൽ അഡ്‌മിറ്റ്‌ ആകുന്നവരുടെ എണ്ണം കണക്കാക്കി ജില്ലാടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരോഗ്യവകുപ്പ് ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾക്ക് എല്ലാ വ്യാഴാഴ്ചകളിലും നൽകേണ്ടതാണ്. ഇതിനെ അടിസ്ഥാനപ്പെടുത്തി ദുരന്തനിവാരണ അതോറിറ്റി ജില്ലകളെ എ, ബി, സി എന്നിങ്ങനെ മൂന്നായി തിരിക്കും. എല്ലാ വെള്ളിയാഴ്ചകളിലും ദുരന്തനിവാരണ അതോറിറ്റി ഇത് പ്രഖ്യാപിക്കും.

എ കാറ്റഗറിയിൽ സാമൂഹ്യ, സാംസ്കാരിക, മത-സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർക്ക് പങ്കെടുക്കാവുന്നതാണ്.

ബി കാറ്റഗറിയിൽ സാമൂഹ്യ, സാംസ്കാരിക, മത, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.

സംസ്ഥാനത്ത് ഇന്ന് 46,387 പേര്‍ക്ക് കോവിഡ്; 15,388 പേര്‍ രോഗമുക്തി നേടി, 32 മരണം

സി കാറ്റഗറിയിൽ സാമൂഹ്യ, സാംസ്കാരിക, മത, രാഷ്ട്രീയ, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തീയേറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല.

Exit mobile version