സിറ്റിങ് മണ്ഡലത്തിൽ വോട്ട് ചോദിച്ചെത്തി; യുപി എംഎൽഎയെ ആട്ടിയോടിച്ച് നാട്ടുകാർ; വീഡിയോ വൈറൽ

ലഖ്‌നൗ: തന്റെ സിറ്റിങ് മണ്ഡലത്തിൽ വോട്ട് ചോദിച്ചെത്തിയ ഉത്തർപ്രദേശിലെ ബിജെപി എംഎൽഎയെ നാട്ടുകാർ ആട്ടിയോടിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നു. ഖതൗലി മണ്ഡലത്തിലാണ് എംഎൽഎ വിക്രം സിങ് സൈനിയെ ആണ് നാട്ടുകാർ ഓടിച്ചുവിട്ടത്. ബുധനാഴ്ച രാവിലെയോടെയായിരുന്നു വോട്ട് തേടി സൈനി മണ്ഡലത്തിലെത്തിയത്.

തെരഞ്ഞെടുപ്പിനായി വോട്ട് തേടി ജനങ്ങളുടെ അരികിലെത്തിയ വിക്രം സിങ് സൈനിയെ കാറിൽ നിന്ന് പുറത്തിറങ്ങാൻ പോലും ആളുകൾ സമ്മതിച്ചില്ല. നാട്ടുകാർ കൂട്ടം കൂടി എംഎൽഎക്ക് എതിരെ മുദ്രാവാക്യം വിളിച്ചതോടെ ഇദ്ദേഹം സഞ്ചരിച്ച വാഹനം അധികനേരം നിർത്തിയിടാതെ കടന്നുപോവുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് വലിയ ചർച്ചയായിരിക്കുന്നത്.

കാറിലെ ഡ്രൈവർ തുടർച്ചയായി ഹോൺ മുഴക്കുന്നതതും ആൾക്കൂട്ടത്തിനിടയിൽ നിന്ന് വേഗത്തിൽ കാർ ഓടിച്ച് പോവാൻ ശ്രമിക്കുന്നതുമാണ് വീഡിയോയിലുള്ളത്. വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ കടുത്ത പ്രതിഷേധം നടന്നിരുന്ന പ്രദേശമാണിതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

Also Read-പ്രധാനമന്ത്രിയെ അവഹേളിച്ചതിന് അരുൺകുമാറിന് എതിരെ ഗവർണർക്ക് പരാതി നൽകി ബിജെപി

വിദ്വേഷ പരാമർശങ്ങളുടെ പേരിൽ കുപ്രസിദ്ധി നേടിയ വ്യക്തികൂടിയാണ് വിക്രം സിങ് സൈനി. ജമ്മു കാശ്മീരിലെ ആർട്ടിക്കിൾ 370 കേന്ദ്ര ഗവൺമെന്റ് എടുത്തുകളഞ്ഞ നടപടിക്ക് പിന്നാലെ ‘ബിജെപി പ്രവർത്തകർക്ക് ഇപ്പോൾ കാശ്മീരിൽ നിന്നുള്ള സുന്ദരികളായ പെൺകുട്ടികളെ വിവാഹം കഴിക്കാം, സർക്കാർ തീരുമാനം ‘ആവേശം’ ഉണ്ടാക്കുന്നു’ എന്നുമായിരുന്നു സൈനിയുടെ വിവാദ പ്രസ്താവനകളിൽ ഒന്ന്.

Exit mobile version