ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജീവിതം തകര്‍ത്തു: ‘എന്റെ മരണത്തോട് കൂടിയെങ്കിലും മണ്ടന്‍ തീരുമാനങ്ങള്‍ അവസാനിപ്പിക്കണം’; ഹോട്ടലുടമ ജീവനൊടുക്കി

കോട്ടയം: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം കടക്കെണിയിലായ ഹോട്ടല്‍ ഉടമ ആത്മഹത്യ ചെയ്തു. കുറിച്ചി ഔട്ട് പോസ്റ്റില്‍ വിനായക ഹോട്ടല്‍ നടത്തുന്ന കനകക്കുന്ന് സരിന്‍ മോഹന്‍ (38) ആണ് കഴിഞ്ഞദിവസം പുലര്‍ച്ചെ ട്രെയിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തത്.

അശാസ്ത്രീയമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങളാണ് തന്റെ ജീവിതം തകര്‍ത്തതെന്നും സര്‍ക്കാരാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്നും പറഞ്ഞുകൊണ്ടുള്ള കുറിപ്പെഴുതിയാണ് സരിന്‍ ജീവനൊടുക്കിയത്.

തന്റെ മരണത്തോട് കൂടിയെങ്കിലും മണ്ടന്‍ തീരുമാനങ്ങള്‍ അവസാനിപ്പിച്ച് സര്‍ക്കാര്‍ സാധാരണ ജനങ്ങളുടെ ജീവിതങ്ങള്‍ രക്ഷിക്കണമെന്നും കുറിപ്പില്‍ പറയുന്നു.

സരിന്റെ കുറിപ്പ് ഇങ്ങനെ: 6 മാസം മുന്‍പ് വരെ കുഴപ്പമില്ലാതിരുന്ന ഹോട്ടല്‍ ആയിരുന്നു എന്റെ അശാസ്ത്രീയമായ ലോക്ടൗണ് തീരുമാനങ്ങള്‍ എല്ലാം തകര്‍ത്തു. ബിവറേജില്‍ ജനങ്ങള്‍ക്ക് തിങ്ങി കൂടാം കൊറോണ വരില്ല ഹോട്ടലില്‍ ക്യൂ നിന്നാല്‍ കൊറോണ പിടിക്കും. ബസ്സില്‍ അടുത്ത് ഇരുന്നു യാത്ര ചെയ്യാം ഹോട്ടലില്‍ ഇരുന്നാല്‍ കൊറോണ പിടിക്കും. ഷോപ്പിങ് മാളില്‍ ഒരുമിച്ചു കൂടി നിക്കാം. കല്യാണങ്ങള്‍ 100 പേര്‍ക്ക് ഒരൂമിച്ചു നിക്കാം. ഒരുമിച്ചിരുന്നു ആഹാരം കഴിക്കാം. ഹോട്ടലില്‍ ഇരിക്കാന്‍ പറ്റില്ല.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പൊതു യോഗങ്ങള്‍ നടത്താം കൊറോണ പിടിക്കില്ല. ഇങ്ങനെ പോകുന്നു തീരുമാനങ്ങള്. എല്ലാം തകര്‍ന്നപ്പോള്‍ ലോകടഡന്‍ എല്ലാം മാറ്റി. ഇപ്പോള്‍ പ്രൈവറ്റ് ബാങ്കുകളുടെ ഭീഷണി, ബ്ലൈഡ് കാരുടെ ഭീഷണി. ഇനി 6 വര്‍ഷം ജോലി ചെയ്താല്‍ തീരില്ല എന്റെ ബാദ്ധ്യതകള്‍. ഇനി നോക്കിയിട്ടും കാര്യം ഇല്ല. എന്റെ മരണത്തോട് കൂടിയെങ്കിലും സര്‍ക്കാരിന്റെ മണ്ടന്‍ തീരുമാനങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുക, സാധാരണ ജനങ്ങളുടെ ജീവിതങ്ങള്‍ തകര്‍ക്കരുത്. എന്റെ മരണത്തിനു ഉത്തരവാദി ഈ സര്‍ക്കാര്‍ ആണ്. എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയില്‍ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദേഹരണം ആണ് ഞാന്‍.

എന്റെ കയ്യില്‍ ഉള്ളപ്പോള്‍ സ്നേഹം കാണിച്ചവരെയും ഇല്ലാത്തപ്പോള്‍ ഒരു രൂപയ്ക്കു വരെ കണക്ക് പറയുന്നവരെയും ഞാന്‍ കണ്ടു. സഹയിക്കാന്‍ നല്ല മനസ്സ് ഉള്ളവര്‍ എന്റെ കുടുംബത്ത സഹയിക്കുക. സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു ഭാര്യയും രണ്ടു കുട്ടികളും അവര്‍ക്ക് ഇനി ജീവ്ക്കണം. ഇളയ മകന് ഓട്ടിസം ആണ്. അവനും ഈ ഭൂമിയില്‍ ജീവിക്കാന്‍ ഉള്ള അവകാശം ഉണ്ട്.

Exit mobile version