പ്രവാസികൾക്കായി 567 ക്വാറന്റൈൻ കേന്ദ്രങ്ങളിലായി 5000 മുറികൾ തയ്യാർ; കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും ഭക്ഷണം എത്തിക്കുമെന്നും കോഴിക്കോട് കളക്ടർ

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്ന പ്രവാസികൾക്കായി ക്വാറന്റൈൻ കേന്ദ്രങ്ങൾ സജ്ജമാക്കിയെന്ന് കോഴിക്കോട് കളക്ടർ സാംബശിവ റാവു. കുടുംബശ്രീയുടെ കമ്മ്യൂണിറ്റി കിച്ചൻ വഴി ഇവിടെ താമസിപ്പിക്കുന്നവർക്ക് ഭക്ഷണമെത്തിക്കുമെന്നും എല്ലാ പഞ്ചായത്തുകളിലും മേൽനോട്ടസമിതികൾ ഉണ്ടാകുമെന്നും കളക്ടർ പറഞ്ഞു.

‘ക്വാറന്റൈയിൻ ആവശ്യമായ ബിൽഡിങ്ങുകൾ തയ്യാറാണ്. 560 ഓളം ബിൽഡിങ്ങുകളാണ് ഇത്തരത്തിൽ തയ്യാറാക്കിയിരിക്കുന്നത്. 5000 മുറികൾ ഒരുക്കിയിട്ടുണ്ട്. ഡോർമെറ്ററികളിൽ 35000 ആളുകൾക്ക് വരെ കഴിയാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്’. മടങ്ങിയെത്തുന്ന പ്രവാസികളെ ക്വാറന്റൈനിൽ താമസിപ്പിക്കുന്നതിനും പരിശോധന നടത്തുന്നതിനുമുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും കളക്ടർ അറിയിച്ചു.

അതേസമയം, കൊച്ചിയിൽ എത്തുന്ന പ്രവാസികളുടെ നിരീക്ഷണത്തിനായി 4000 വീടുകളാണ് സജീകരിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പരിധിയിൽ 2200 വീടുകളും മുനിസിപ്പാലിറ്റി പരിധിയിൽ 2000 വീടുകളും കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവളത്തിൽ നിന്ന് ഡബിൾ ചേംബർ ടാക്‌സി കാറുകളിലാകും നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവുക.

കൈകൾ ഉൾപ്പെടെ ശുചിയാക്കിയ ശേഷം മാത്രമേ യാത്രക്കാരെ എയറോ ബ്രിഡ്ജിൽ നിന്ന് ടെർമിനലിലേക്ക് കടത്തിവിടൂ. ബാഗേജും അണുവിമുക്തമാക്കും. ഇവിടെ നിന്നും നേരെ ഹെൽത്ത് കൗണ്ടറിലേക്ക് കൊണ്ടുപോകുന്ന യാത്രക്കാരെ തെർമൽ സ്‌കാനർ ഉപയോഗിച്ച് താപനില പരിശോധിക്കും. ചൂട് കൂടുതലോ രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കും. മറ്റുള്ളവരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റാനുമാണ് തീരുമാനം. ഒരു വിമാനത്തിലെ മുഴുവൻ യാത്രക്കാരും പോയ ശേഷം വിമാനത്താവളം പൂർണ്ണമായും അണുവിമുക്തമാക്കും. ആരോഗ്യ പ്രവർത്തകർക്കും വിമാനത്താവള ജീവനക്കാർക്കും പ്രത്യേക പരിശീലനവും പൂർത്തിയാക്കിയിട്ടുണ്ട്.

Exit mobile version