ഗൾഫ് രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളിൽ പ്രയാസം നേരിടുന്നവർക്ക് സാമ്പത്തിക സഹായം നൽകുമെന്ന് ധനമന്ത്രി

financial minister thomas isaac

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും സ്വദേശത്തേക്ക് മടങ്ങിയെത്തുന്ന പ്രവാസികളിൽ സാമ്പത്തിക പ്രയാസം നേരിടുന്നവർക്ക് സർക്കാർ സാമ്പത്തിക സഹായം നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രവാസികളിൽ സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ ക്വാറന്റൈൻ കാലയളവിൽ സഹായിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. പ്രവാസികളോട് കേന്ദ്രസർക്കാരിനുള്ള മനോഭാവമല്ല സംസ്ഥാന സർക്കാർ പിന്തുടരുന്നതെന്നും ഐസക് കൂട്ടിച്ചേർത്തു.

തിരിച്ചു വരുന്ന പ്രവാസികളെ സ്വീകരിക്കാൻ കേരളത്തിൽ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേരളം ആയിരം കോടി രൂപ വായ്പ എടുത്തിട്ടുണ്ട്. അഞ്ഞൂറ് കോടിയുടെ രണ്ട് വായ്പകളാണ് അഞ്ചര ശതമാനം പലിശക്കും ആറര ശതമാനം പലിശക്കും എടുത്തത്. കടപത്രലേലത്തിലൂടെയാണ് വായ്പ എടുത്തതെന്നും ധനമന്ത്രി വിശദീകരിച്ചു.

സർക്കാർ ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് ഓർഡിനൻസ് ഇറക്കാൻ സർക്കാരിന് അവകാശമുണ്ടെന്ന കോടതി തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്നും ധനമന്ത്രി പറഞ്ഞു. നിയമപരമായി ചെയ്യാൻ കോടതി പറഞ്ഞു സർക്കാരത് ചെയ്തു. ജീവനക്കാരുടെ ശമ്പളം ഉത്തരവിറക്കി കുറക്കുന്നതിനെ സർക്കാരും എതിർക്കുകയാണ്, ശമ്പളം മാറ്റി വയ്ക്കുക മാത്രമാണ് സർക്കാർ ചെയ്തതതെന്നും ധനമന്ത്രി പ്രതികരിച്ചു.

സംസ്ഥാനത്ത് ലോട്ടറി വിൽപന മെയ് 18 മുതൽ ആരംഭിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് ആദ്യത്തെ നൂറ് ടിക്കറ്റുകൾ ഏജൻസികൾക്ക് വായ്പയായി നൽകും. ജൂൺ ഒന്നിനായിരിക്കും ആദ്യത്തെ നറുക്കെടുപ്പ് നടക്കുകയെന്നും ധനമന്ത്രി അറിയിച്ചു.

Exit mobile version