കൊറോണ ഭേദമായ ആള്‍ മരിച്ചു, മരിച്ചത് കൊല്ലം സ്വദേശി

കൊല്ലം: കൊറോണ രോഗത്തില്‍ നിന്നും മുക്തമായ ആള്‍ മരിച്ചു. കൊല്ലം ജില്ലയിലാണ് സംഭവം. കൊല്ലം കുളത്തുപുഴ സ്വദേശി പത്മനാഭനാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് പത്മനാഭന്റെ മരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ പത്മനാഭന്‍ കുറെ ദിവസമായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തമിഴ്‌നാട്ടില്‍ പോയി വന്ന കുളത്തുപ്പുഴ സ്വദേശിയില്‍ നിന്നാണ് ഇയാള്‍ക്ക് കൊറോണ പകര്‍ന്നത്.

ചികിത്സയ്ക്ക് പിന്നാലെ ഇദ്ദേഹം കൊറോണയില്‍ നിന്നും മുക്തമായി. കൊല്ലത്ത് രോഗം ഭേദമായ ഒമ്പത് പേരില്‍ ഒരാളായിരുന്നു പത്മനാഭന്‍. എന്നാല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളതിനാല്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിരുന്നില്ല.

എട്ടുപേരെ മാത്രമാണ് വിട്ടയച്ചത്. കഴിഞ്ഞദിവസം രാത്രി 9:10 ഓടെയായിരുന്നു മരണം സംഭവിച്ചത്. അതേസമയം, കൊറോണ മൂലമല്ല, ഹൃയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു. മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Exit mobile version