പെറ്റ് ഷോപ്പിൽ അഗ്നിബാധ, കിളികളും മത്സ്യങ്ങളും ചത്തു, വൻ നഷ്ടമെന്ന് കടയുടമ

വില്‍പനയ്ക്കായി വെച്ചിരുന്ന നൂറിലേറെ കിളികളും വില കൂടിയ മത്സ്യങ്ങളുമാണ് ചത്തത്.

തിരുവനന്തപുരം: പെറ്റ് ഷോപ്പിലുണ്ടായ തീപിടുത്തത്തില്‍ വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന കിളികളും മത്സ്യങ്ങളും ചത്തു. തിരുവനന്തപുരം ഊരൂട്ടമ്പലം നീറമണ്‍കുഴിയില്‍ കോളച്ചിറക്കോണം വി എസ് ഭവനില്‍ ഷിബിന്‍ നടത്തുന്ന ബ്രദേഴ്‌സ്, പെറ്റ് ആന്റ് അക്കോറിയത്തില്‍ ആണ് തീ പിടുത്തമുണ്ടായത്. വില്‍പനയ്ക്കായി വെച്ചിരുന്ന നൂറിലേറെ കിളികളും വില കൂടിയ മത്സ്യങ്ങളുമാണ് ചത്തത്.

4 ഓളം മുയലുകള്‍ 9 പ്രാവുകള്‍ ജീവനോടെ ലഭിച്ചെങ്കിലും അവ അതിജീവിക്കാനുള്ള സാധ്യത കുറവാണെന്നാണ് കടയുടമ പറയുന്നത്. പുലര്‍ച്ചെ 4 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്ന് ഉടമ പറയുന്നു. വാടക കെട്ടിടത്തില്‍ ആണ് പെറ്റ് ഷോപ്പ് പ്രവര്‍ത്തിക്കുന്നത്. കെട്ടിട ഉടമ അഭിലാഷിന്റെ വീടിനോട് ചേര്‍ന്നാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.

പുലര്‍ച്ചെ അഭിലാഷിന്റെ വീട്ടിനുള്ളില്‍ പുക നിറഞ്ഞതിനെ തുടര്‍ന്ന് വീട്ടിലുള്ളവര്‍ക്ക് ശ്വാസതടസമുണ്ടായി ഇതേതുടര്‍ന്ന് വീടിന് പുറത്ത് ഇറങ്ങിയപ്പോള്‍ ആണ് പെറ്റ് ഷോപ്പില്‍ അഗ്‌നി പടരുന്നത് കാണുന്നത്. കെട്ടിട ഉടമയാണ് തീപിടിച്ച വിവരം ഫയര്‍ഫോഴ്‌സിനെയും പെറ്റ് ഷോപ്പ് ഉടമ ഷിബിനെയും അറിയിക്കുന്നത്. തുടര്‍ന്ന് സ്ഥലത്ത് എത്തിയ ഫയര്‍ഫോഴ്‌സ് സംഘം തീ അണയ്ക്കുകയായിരുന്നു.

Exit mobile version