ഫേസ്ബുക്ക് പരിപാടി നിർത്തി ഇപ്പോൾ വാട്‌സ്ആപ്പ് വഴിയാണ് പിരിവ്; നോമ്പ് കാലമായത് കൊണ്ട് ഇരകളെ കിട്ടാനും ബുദ്ധിമുട്ടില്ല, ആളുകളുടെ നന്മ പണമായി ഊറ്റി നന്മ മരം ഇക്ക; ഫിറോസ് കുന്നംപറമ്പിലിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ

തൃശ്ശൂർ: വിവാദ നായകനായ ഫിറോസ് കുന്നംപറമ്പിൽ വീണ്ടും ചാരിറ്റി പ്രവർത്തനങ്ങൾ ആരംഭിച്ചതിനു പിന്നാലെ കടുത്ത വിമർശനവുമായി സോഷ്യൽമീഡിയ. ഫേസ്ബുക്കിലൂടെ ചാരിറ്റി എന്ന പേരിൽ പണം പിരിച്ചതിന്റെ കണക്കുകൾ ചോദ്യം ചെയ്യപ്പെട്ടപ്പോൾ പരിപാടി തത്കാലത്തേക്ക് നിർത്തുകയും ഇപ്പോൾ വാട്‌സ്ആപ്പ് വഴി പ്രവർത്തനം തുടങ്ങിയിരിക്കുകയാണെന്നും വിമർശിച്ച് ഹൈക്കോടതി അഭിഭാഷകൻ ഹരീഷ് വാസുദേവൻ രംഗത്തെത്തിയിരിക്കുകയാണ്.

ഇപ്പോൾ വിദേശരാജ്യങ്ങളിൽ കുറേ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് പിരിവ്. നോമ്പ് കാലമായത് കൊണ്ട് ഇരകളെ കിട്ടാനും ബുദ്ധിമുട്ടില്ല. ആളുകളുടെ മനസിലെ നന്മ പണമായി ഊറ്റുകയാണ് ഫിറോസ് ചെയ്യുന്നതെന്നും അഡ്വ. ഹരീഷ് വിമർശിക്കുന്നു. സർക്കാരിന്റെ അംഗീകാരം ഉണ്ടെന്നൊക്കെയാണ് പണം കൊടുക്കുന്നവർ വിചാരിക്കുന്നതെന്നും ഹരീഷ് ചൂണ്ടിക്കാണിക്കുന്നു. ആയിരം കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് എന്ന പേരിലെ ഫിറോസ് ഫൗണ്ടേഷന്റെ പുതിയ പിരിവ് വഴി ഒരു ലക്ഷം കിറ്റിന്റെ പണം അക്കൗണ്ടിലെത്തിക്കുമെന്നും ഹരീഷ് വിശദീകരിക്കുന്നു.

അതേസമയം, ഇത്തരത്തിലുള്ള തട്ടിപ്പ് തടയാൻ ബദലും ആരായുന്നുണ്ട് അഡ്വ ഹരീഷ്. കളക്ടർമാർക്ക് സോഷ്യൽ സെക്യൂരിറ്റിമിഷന്റെ ജില്ലാതല അക്കൗണ്ടുകൾ തുടങ്ങിയാൽ ഇതേ സഹായം ചെയ്തുകൂടെ? ഈ മേഖലയിലെ തട്ടിപ്പുകൾ അതുവഴി തടഞ്ഞുകൂടെ? എന്നാണ് അഭിഭാഷകന്റെ ചോദ്യം.

അഡ്വ. ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

നന്മമരം ഫിറോസ് ഇക്കയുടെ ഒരു ഓഡിയോ whatsapp ൽ കേട്ടു. പിരിവും കണക്കും സംബന്ധിച്ച ചോദ്യങ്ങൾ വന്നു നിവൃത്തി കെട്ടപ്പോൾ ഫേസ്ബുക്കിലെ പരിപാടി നിർത്തിയിരുന്നല്ലോ. ഇപ്പോൾ പടച്ചോനായിട്ടു കൊണ്ടുതന്ന വഴിയാണ് വാട്ട്‌സ്ആപ്പ് എന്നാണ് ഫിറോസ് തന്നെ പറയുന്നത്. ഇപ്പോൾ വിദേശരാജ്യങ്ങളിൽ കുറേ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് പിരിവ്. നോമ്പ് കാലമായത് കൊണ്ട് ഇരകളെ കിട്ടാനും ബുദ്ധിമുട്ടില്ല. ആളുകളുടെ മനസിലെ നന്മ പണമായി ഊറ്റുക തന്നെ. ഗൾഫ് മുതൽ ആഫ്രിക്ക വരെയെത്തിയിട്ടുണ്ട് ഇപ്പോൾ. സർക്കാരിന്റെ അംഗീകാരം ഉണ്ടെന്നൊക്കെയാണ് പണം കൊടുക്കുന്നവർ വിചാരിക്കുന്നത്. എന്ത് അംഗീകാരം !!!!

1000 കിറ്റിന്റെ പേരിൽ ഒരു ലക്ഷം കിറ്റിന്റെ കാശ് അക്കൗണ്ടിലാകും. എന്ത് കണക്ക്, ആരെ ബോധിപ്പിക്കാൻ !! സീസണായപ്പോൾ ഇറങ്ങുക തന്നെ എന്ന് ഇക്കയും കരുതി. പറഞ്ഞ വാക്കല്ലേ മാറ്റാൻ പറ്റൂ. ഫേസ്ബുക്കിൽ തന്നേ ഇറങ്ങി. എനിക്ക് ചാരിറ്റി ചെയ്യാതെ ഉറക്കമില്ല എന്ന ലൈൻ..

ഒരു സംശയം, ജില്ലാ കളക്ടർമാർക്ക് സോഷ്യൽ സെക്യൂരിറ്റിമിഷന്റെ ജില്ലാതല അക്കൗണ്ടുകൾ തുടങ്ങിയാൽ ഇതേ സഹായം ചെയ്തുകൂടെ? ഈ മേഖലയിലെ തട്ടിപ്പുകൾ അതുവഴി തടഞ്ഞുകൂടെ?

Exit mobile version