ഇടുക്കി കൊവിഡ് ഹോട്ട്‌സ്‌പോട്ടിലെ ബിജെപി നേതാവിന്റെ തോട്ടത്തിലേക്ക് അതിർത്തി കടന്ന് ലോറി; കളക്ടർ കൂട്ടുനിന്നെന്ന് ആരോപണം; പ്രതിഷേധിച്ച നാട്ടുകാർക്ക് എതിരെ കേസ്

ഇടുക്കി: ഇടുക്കി ജില്ലയിലെ കൊവിഡ് ഹോട്ട്‌സ്‌പോട്ടിലേക്ക് അതിർത്തി കടന്ന് തമിഴ്‌നാട്ടിൽ നിന്നും ലോറിയെത്തിയതിന് എതിരെ നാട്ടുകാരുടെ പ്രതിഷേധം. കരുണാപുരം പഞ്ചായത്തിലേക്കാണ് തമിഴ്‌നാട്ടിൽ നിന്നും കുമ്മായവുമായി ലോറി വന്നത്. ഇതു നാട്ടുകാർ തടയുകയായിരുന്നു. അനധികൃതമായാണ് പോലീസ് ലോറി കടത്തിവിട്ടതെന്നാരോപിച്ച് പഞ്ചായത്തംഗമുൾപ്പെടെ പോലീസ് ജീപ്പിന് മുന്നിൽ കിടന്നു പ്രതിഷേധിച്ചു.

എന്നാൽ ലോറി പ്രവേശിക്കുന്നതിന് കളക്ടറുടെ പാസ് ഉണ്ടെന്ന് പറഞ്ഞ പോലീസ് പ്രതിഷേധിച്ച പഞ്ചായത്തംഗവും സിപിഎം ലോക്കൽ സെക്രട്ടറിയുൾപ്പെടെയുള്ള നാലുപേർക്കെതിരെ കേസെടുത്തു.ബിജെപി പ്രാദേശിക നേതാവായ മോഹൻദാസിന്റെ തോട്ടത്തിലേക്കാണ് തമിഴ്‌നാട്ടിൽ നിന്ന് കുമ്മായവുമായി ലോറിയെത്തിയത്.

ലോറിയെത്തിയ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്തംഗം രഞ്ചു ബിജു ഉൾപ്പെടെയുള്ളവർ ലോറി തടയുകയായിരുന്നു. കളക്ടറുടെ പാസുണ്ടെന്നും അതിനാലാണ് ചെക്ക് പോസ്റ്റിൽ നിന്നും കടത്തിവിട്ടതെന്നുമായിരുന്നു പോലീസിന്റെ വിശദീകരണം. ലോറിയിൽ നിന്നും സാധനങ്ങൾ ഇറക്കാനും പ്രതിഷേധക്കാർ അനുവദിച്ചില്ല. തുടർന്ന് പോലീസുമായി ഉന്തുംതള്ളും ഉണ്ടാവുകയായിരുന്നു.

പോലീസ് ഒത്തുകളിച്ചെന്നാരോപിച്ച് പഞ്ചായത്തംഗവും സംഘവും ജീപ്പിനുമുന്നിൽ കിടന്നു പ്രതിഷേധിച്ചു. അതേസമയം ലോക്ക് ഡൗൺ നിർദേശം മറികടന്ന് ആളുകൾ കൂട്ടം കൂടിയതിനെ തുടർന്നാണ് നാലുപേർക്കെതിരെ കേസെടുത്തത് എന്ന് പോലീസ് പ്രതികരിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്നാണ് കേസ്. അതേസമയം, ഈ സംഭവമുണ്ടായ സ്ഥലത്തിന് തൊട്ടടുത്താണ് കൊവിഡ് സ്ഥിരീകരിച്ച പെൺകുട്ടിയുടെ വീട്. ഇതുപോലൊരു സമയത്ത് അതിർത്തി കടന്ന് ലോറി എത്തുക എന്നു പറയുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കാത്തതാണെന്ന് പഞ്ചായത്തംഗം രഞ്ചു ബിജു പറഞ്ഞു.

Exit mobile version